അധ്യാപിക വഴക്കു പറഞ്ഞുവെന്നാരോപിച്ച് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍കോട് : ക്ലാസില്‍ പുസ്തകം കൊണ്ടുവരാത്തതിനെത്തുടര്‍ന്ന് അധ്യാപിക വഴക്കു പറഞ്ഞുവെന്നാരോപിച്ച് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രകോപിതരായ വിദ്യാര്‍ഥികള്‍ സ്കൂള്‍ കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. പരുക്കേറ്റ വിദ്യാര്‍ഥിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പരവനടുക്കത്തെ സ്വകാര്യ മാനേജ്മെന്റ് സ്കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് സ്കൂള്‍ മുറ്റത്തെ കിണറ്റില്‍ ചാടിയത്. ക്ലാസില്‍ പുസ്തകം കൊണ്ടു വരാത്തതിനെ ചൊല്ലി അധ്യാപിക വഴക്കു പറഞ്ഞുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് ക്ലാസില്‍നിന്നു പുറത്തിറങ്ങിയ വിദ്യാര്‍ഥിയും മറ്റൊരു അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നീട് വിദ്യാര്‍ഥി ഒാടി കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നും പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് നിന്ന് അഗ്നിശമന സേനയെത്തിയാണ് വിദ്യാര്‍ഥിയെ കിണറ്റില്‍ നിന്നെടുത്തത്. കിണറ്റില്‍ വെള്ളം കുറവായിരുന്നു. കുട്ടിയുടെ കൈക്കും കാലിനും പൊട്ടലുണ്ട്.

സംഭവത്തില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ രണ്ടു നിലയിലെ മുഴുവന്‍ ക്ലാസുകളിലെയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ടൗണ്‍ എസ്‌ഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

