അദ്ധ്യാപക ദിനത്തില്‍ അധ്യാപക ലോകത്തിന് ആദരവുമായി 6 ചിത്രകലാ അദ്ധ്യാപകര്‍
കൊയിലാണ്ടി: അദ്ധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക് ബോര്‍ഡ്. കഴിഞ്ഞ ആറു വര്‍ഷക്കാലമായി ചിത്രകലാ മേഖലയുമായി ബന്ധപ്പെട്ടു കേരളത്തിലെമ്പാടും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം സര്‍ഗ്ഗാത്മകമാക്കുന്നതിന്റെ ഭാഗമായി നല്കിയ ഇംപ്രഷന്‍സ് എന്ന റിലീഫ് ശില്പത്തിലാണ് കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകത്തിനെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിക്കുന്ന സൃഷ്ടി നടത്തിയിരിക്കുന്നത്.

നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഈ ചിത്രകലാ കൂട്ടായ്മയുടെ അംഗങ്ങളായ പി സതീഷ് കുമാര്‍ (പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സുരേഷ് ഉണ്ണി (പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,) ഹാരൂണ്‍ അല്‍ ഉസ്മാന് (തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), കൃഷ്ണന് പാതിരിശ്ശേരി (കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍), രാംദാസ് കക്കട്ടില്‍ (ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെറുവണ്ണൂര്‍), സിഗ്നി ദേവരാജ് ( റിട്ട. മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്നിവരിൽ നിന്നും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്റ്റർ ശ്രീമതി.വി.പി. മിനി സര്‍ഗ്ഗസൃഷ്ടി ഏറ്റുവാങ്ങി.


ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മ വര്‍ഷത്തില്‍ ഈ കൂട്ടായ്മ വരച്ച ഗാന്ധിജിയുടെ വലിയ ഒരു ഛായാചിത്രം രണ്ടുവര്‍ഷം മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു നല്കിയ ഈ കൂട്ടായ്മ രണ്ട് പ്രളയകാലത്തും ചിത്ര സാന്ത്വനം എന്ന പരിപാടിസംഘടിപ്പിച്ചു കൊണ്ട് തങ്ങള്‍ വരച്ച ചിത്രങ്ങള്‍ വില്‍പ്പന നടത്തി സംസ്ഥാന സര്‍ക്കാറിനായി ധനശേഖരത്തിനായി പരിശ്രമിച്ചിട്ടുണ്ട്. ഈ ജില്ലാ കാര്യലയത്തിലെ ക്ലറിക്കല്‍ സെക്ഷനെ സര്‍ഗാത്മകമാക്കാനായി ജില്ലയിലെ 100 വിദ്യാർത്ഥികൾക്കായി നടത്തിയ സര്ഗ്ഗദിനക്യാമ്പില് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എകദിന ചിത്ര പരിശിലനം നല്കി അവരെക്കൊണ്ട് വരിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ക്കും പിന്നിലും ഈ ആറ് അദ്ധ്യാപകരാണ്. ഇദം പ്രഥമമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയായ ഒരുക്കി വേറിട്ട് കലാപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നാന്ദി കുറിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.


ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടപ്പോഴും, വിവിധ പരിസ്ഥിതി പ്രശ്നങ്ങളിലും, വിവിധങ്ങളായ സമുഹിക വിഷയങ്ങള്‍ ഏറ്റെടുത്ത് കേരളത്തിലെ 84 ഇടങ്ങളില്‍ ബിഗ് കാന്‍വാസ് ഒരുക്കിയ ഇടപെടലുകള്‍ കലാദ്ധ്യാപകന്റെ ക്ലാസ് മുറികള്‍ക്കപ്പുറമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവാണ്. പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം സാരി കൊണ്ട് നിര്‍മ്മിച്ച ചേക്കുട്ടി പാവകളുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്താൻ ആ ലപ്പുഴയിൽ നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ പബ്ലിക്ക് ആര്‍ട്ട് നടത്തിയത് കലോത്സവ നഗരിയിലെ വേറിട്ട കാഴ്ച്ചയായിരുന്നു. കോവി ഡ്ക്കാല ലോക്ക്ഡൗൺ സമയത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഇവരുടെ ആറ് വീടുകളിൽ ഇരുന്ന് പരസ്പരം കാണാതെ കോവിഡ് പ്രതിരോധ പോരാളികകൾക്ക് ആദരം നൽകി വരച്ച ചിത്രം ലോക്ക്ഡൗൺ ഒഴിവായപ്പോൾ ഒരുമിച്ച് ഒരു ചിത്രമാക്കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജമീല കാനത്തിലിന്റെ ഓഫീസിൽ ഇവർ നൽകിയിട്ടുണ്ട്.


കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി. മിനി, സജീഷ് നാരായണന് (കെ എസ്ടി.എ) പി. പ്രേംകുമാര്‍.(കെപിഎസ്ടി യു) ഷാജിമോന്‍.കെ (എന്‍.ടി.യു), മിത്തു തിമോത്തി (കലാവിഭാഗം ഡയറ്റ് കോഴിക്കോട് ഫാക്കല്‍റ്റി) സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് സുനില്‍ തിരുവങ്ങൂര്‍, ജില്ലാ എഡ്യൂമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു.കെ നാസര്‍ എന്നിവര്‍ സംസാരിച്ചു
