KOYILANDY DIARY.COM

The Perfect News Portal

അത്തോളി കുന്നത്ത് വയൽ പ്രദേശത്തെ തരിശുനിലം കൃഷിയോഗ്യമാക്കുന്നു

കൊയിലാണ്ടി: അത്തോളി കുന്നത്ത് വയൽ പ്രദേശത്തെ തരിശുനിലം കൃഷിയോഗ്യമാക്കുന്നു. അത്തോളി ഗ്രാമപ്പഞ്ചായത്തിൽ കൈപ്പാട് നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 50 വർഷത്തോളമായി തരിശായി കിടക്കുന്ന പതിമൂന്നാം വാർഡിലെ കുന്നത്ത് വയൽ പ്രദേശത്തെ അഞ്ചര ഏക്കറോളം ഭൂമി ട്രാക്ടർ ഉപയോഗിച്ച് കൃഷിയോഗ്യമാക്കാൻ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീബാ രാമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന നെൽപ്പാടങ്ങളിലെ പരമ്പരാഗത കൃഷിയാണ് കൈപ്പാട്. ശാസ്ത്രീയ രീതികളിലൂടെ ഇത്തരം പാടങ്ങൾ കൃഷിക്ക്‌ ഉപയുക്തമാക്കുകയാണ് ലക്ഷ്യം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 58 പഞ്ചായത്തുകളിലായി 3800 ഹെക്ടറോളം സ്ഥലത്താണ് പുതിയ കൃഷി പരീക്ഷിക്കുന്നത്. കൊയിലാണ്ടി, പയ്യോളി നഗരസഭകൾ, ഉള്ള്യേരി, മേപ്പയ്യൂർ, ചെറുവണ്ണൂർ, അത്തോളി, കീഴരിയൂർ, തുറയൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, തിക്കോടി, തിരുവള്ളൂർ, തലക്കുളത്തൂർ തുടങ്ങിയയിടങ്ങളിൽ തരിശായി കിടക്കുന്ന 500 ഹെക്ടറിലധികം കൈപ്പാട് പാടങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.

ഈ പ്രദേശങ്ങളിൽ ഫാർമേഴ്സ് സൊസൈറ്റി രൂപവത്‌കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കാർഷിക സർവകലാശാല ഉത്തര മേഖലാ ഗവേഷക വിഭാഗം അസോസിയേറ്റ് ഡയറക്ടറും കാഡ്‌സ് (കൈപ്പാട് ഏരിയാ ഡെവലപ്‌മെൻറ്‌ സൊസൈറ്റി) ഡയറക്ടറുമായ പ്രൊഫ. ടി. വനജയാണ് പദ്ധതിയുടെ ടീം ലീഡറായി പ്രവർത്തിക്കുന്നത്. പ്രൊഫ. ടി. വനജയുടെ നേതൃത്വത്തിൽ വികസിപ്പിച്ച നെല്ലിനങ്ങളായ ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ വിത്തിനങ്ങളാണ് ഇവിടങ്ങളിൽ ഉപയോഗിക്കുക. അത്തോളിയിൽ നടന്ന നിലമൊരുക്കൽ ഉദ്ഘാടനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ, വികസന സ്ഥിരം സമിതി ചെയർപേഴ്‌സൻ ബിന്ദു രാജൻ, മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ, അസി. കൃഷി ഓഫീസർ മിനി, വിനീത തുടങ്ങിയവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *