അത്താണി ബാറില്‍ ഉണ്ടായ കൊലപാതകത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍
അത്താണി ബാറില്‍ ഉണ്ടായ കൊലപാതകത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി വിനു വിക്രമന്‍, രണ്ടാം പ്രതി ഗ്രിന്‍റേഷ്, മൂന്നാം പ്രതി ലാല്‍ കിച്ചു എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ക്ക് എതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ മുന്‍പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക ആണ് നെടുമ്ബാശ്ശേരി അത്താണിയിലെ ഡയാന ബാറിന് മുന്‍പില്‍ വെച്ച് നടന്ന കൊലപാതക്കത്തില്‍ അവസാനിച്ചത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നും രണ്ടും മൂന്നും പ്രതികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് ഏറ്റവും ഒടുവില്‍ പിടികൂടിയത്.

കൊലപാതകത്തിലെ ഒന്നും രണ്ടും പ്രതികളായ വിനു വിക്രമന്‍, ഗ്രിന്‍റേഷ് എന്നിവരെ പൊങ്ങാം ഭാഗത്ത് നിന്നും മൂന്നാം പ്രതി ലാല്‍ കിച്ചുവിനെ ഹൈക്കോടതി ഭാഗത്ത് നിന്നുമാണ് ആലുവ റൂറല്‍ എസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പിടി കൂടിയത്.

ഒന്നാം പ്രതി വിനുവിന് എതിരെ കാപ്പ ചുമത്തിയത് ഉള്‍പ്പടെ പത്തോളം കേസുകള്‍ നിലവില്‍ ഉണ്ട്. മൂന്നു പ്രതികളും മുന്‍പ് വധ ശ്രമം ഉള്‍പ്പടെ ഉള്ള കേസുകളില്‍ ഭാഗമായിട്ടുണ്ട്. 2016ല്‍ നൈസാം എന്നയാളെ തട്ടിക്കൊണ്ട് പോയി കാറും വാച്ചും അഞ്ചു ലക്ഷത്തി നാല്പത്തിയെട്ടായിരം രൂപയും തട്ടിയെടുത്തതില്‍ കൊല്ലപ്പെട്ട ബിനോയിക്ക് ഒപ്പം കേസില്‍ ഇവരും പ്രതികള്‍ ആയിട്ടുണ്ട്. തുക വീതം വെക്കുന്നതില്‍ ആരംഭിച്ച തര്‍ക്കം നാല് മാസം മുന്‍പ് വിനുവിന്റെ അച്ഛനെ അത്താണി ബാറില്‍ വെച്ച ബിനോയിയും സംഘവും മര്‍ദ്ധിക്കുന്നതില്‍ വരെ എത്തിയിരുന്നു.

സംഭവത്തിന്റെ തലേ ദിവസം കേസിലെ നാലാം പ്രതിയായ അഖിലിനെ ബിനോയിയുടെ സംഘം മര്‍ദ്ദിച്ചതാണ് പെട്ടന്നുള്ള കൊലപാതകത്തിന് കാരണം. അന്വേഷണ സംഘം പിടി കൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
