KOYILANDY DIARY.COM

The Perfect News Portal

അടുത്ത അധ്യയനവര്‍ഷം മുതല്‍ സൌജന്യ യൂണിഫോം ലഭ്യമാക്കും

തിരുവനന്തപുരം > സംസ്ഥാനത്തെ 25 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ സൌജന്യ യൂണിഫോം ലഭ്യമാക്കും. ഇതിന് പ്രതിവര്‍ഷം 1.30 കോടി മീറ്റര്‍ തുണി ആവശ്യമാണ്. കൈത്തറിമേഖലയില്‍ പരമാവധി തുണി ഉല്‍പ്പാദിപ്പിക്കും. ബാക്കിവരുന്ന തുണി ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ മില്ലുകളില്‍നിന്നും സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍നിന്നും ശേഖരിക്കും. പദ്ധതി ധന, വ്യവസായ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കും. 200 കോടി രൂപ പദ്ധതിക്ക് നീക്കിവയ്ക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൌജന്യ യൂണിഫോം ലഭ്യമാക്കുക. തുണിയുടെ സാമ്പിളടക്കം പരിശോധിച്ചാകും പദ്ധതിക്ക് രൂപം നല്‍കുക.

നിലവില്‍ പട്ടികവിഭാഗങ്ങള്‍ക്കും ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് യൂണിഫോം നല്‍കിയിരുന്നത്. ഒരു കുട്ടിക്ക് 400 രൂപവീതം സ്കൂളിന് പണം അനുവദിക്കുകയാണ് പതിവ്. വിദ്യാര്‍ഥികളില്‍നിന്ന് ഒരു വിഹിതം വാങ്ങി സ്കൂള്‍ അധികൃതര്‍ യൂണിഫോം തയ്പിച്ചു നല്‍കുകയാണ് രീതി. ഇതിന് 50 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവ്.

Advertisements

പുതിയ പദ്ധതിയില്‍ പോളിസ്റ്റര്‍– കോട്ടണ്‍ മിശ്രിത യൂണിഫോമിന്റെ വ്യത്യസ്ത സാമ്പിളുകള്‍ സ്കൂള്‍ അധികൃതര്‍ക്ക് ഉടന്‍ ലഭ്യമാക്കും. സ്കൂളുകള്‍ നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ചാകുംതുണി നെയ്ത് ലഭ്യമാക്കുക. അടുത്ത മാര്‍ച്ചിനുള്ളില്‍ മുഴുവന്‍ സ്കൂളിനും ആവശ്യമായ തുണി നല്‍കും.

കേരളത്തിലെ കൈത്തറിമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആധുനിക തുണിത്തരങ്ങള്‍ നെയ്യാന്‍ തയ്യാറുള്ള കൈത്തറിക്കാര്‍ക്ക് വര്‍ഷത്തില്‍ 200 ദിവസത്തെ തൊഴിലെങ്കിലും ഉറപ്പാക്കും. തൊഴിലുറപ്പിന്റെ വരുമാനമെങ്കിലും നെയ്ത്തുകാര്‍ക്ക് ലഭ്യമാകും.

കേരളത്തിലെ മുഴുവന്‍ സ്കൂള്‍കുട്ടികള്‍ക്കും യൂണിഫോമിനുള്ള തുണി കൈത്തറിമേഖലയില്‍നിന്ന് വാങ്ങുന്നതിന് കഴിയുമോ എന്ന കാര്യത്തില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ സംസ്ഥാന ടെക്സ്റ്റൈല്‍ വ്യവസായത്തെയും കൈപിടിച്ച് ഉയര്‍ത്തുന്നതിന് പദ്ധതി പ്രയോജനപ്പെടുത്താന്‍ ധാരണയായി. ധനമന്ത്രിയും വ്യവസായമന്ത്രി ഇ പി ജയരാജനും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ടെക്സ്റ്റൈല്‍മേഖലയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാനും പദ്ധതി സഹായകമാകും. ആധുനികവല്‍ക്കരണത്തിന്റ കാലത്ത് പരമ്പരാഗതമേഖലകള്‍ തകരുമ്പോള്‍ അതിലെ നിലവിലുള്ള തൊഴിലാളികളെ എങ്ങനെ സംരക്ഷിക്കാം എന്നതിന് ഒരു ബദല്‍ മാതൃകയായാണ് പദ്ധതിയെ സര്‍ക്കാര്‍ കാണുന്നത്.

 

Share news