അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ 25-09-2018 നും ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 26-09-2018 നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ആവശ്യമായ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

