അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയയാളെ പൊലീസ് പിടികൂടി

തിരുവല്ല: അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയയാളെ പൊലീസ് പിടികൂടി. ഏറ്റുമാനൂര്‍ അപ്പു ഗാര്‍മെന്റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പില്‍ ഷിബു (48 ) വിനെയാണ് തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍ തേനിയില്‍ നിന്നും പിടികൂടിയത്. മുത്തൂരില്‍ കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കാണക്കാരി സ്വദേശി സുരേന്ദ്രബാബുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു ഗാര്‍മെന്റ്സിലെ തുണികള്‍ വില്‍പ്പന നടത്തിയശേഷം പണവും മറ്റൊരു ജീവനക്കാരന്‍ രാജേഷുമായി ബൊലീറോ ജീപ്പില്‍ മുത്തൂരിലെത്തി ചായ കുടിക്കാനായി വണ്ടി നിര്‍ത്തിയതാണ്.
രാജേഷ് ജീപ്പില്‍ നിന്നിറങ്ങിയ തക്കത്തിന് ഷിബു വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ തേനിയില്‍ നിന്നും പിടികൂടിയത്. വാഹനവും പണവും ഇയാളില്‍ നിന്നും കണ്ടെടുത്തു. ഡിവൈ.എസ്.പി സന്തോഷ്‌കുമാറിന്റെ നിര്‍ദ്ദേശാനുസരണം സി.ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, സി.പി.ഒ അരുണ്‍ ഗോപി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

