ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലം: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. ഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ ബന്ധു കൂടിയായ രാജേഷ് നടത്തിയതെന്ന് നിരീക്ഷിച്ച കോടതി 3.2 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഇരുപത്തഞ്ചുകാരനായ പ്രതിയുടെ പ്രായം പരിഗണിച്ചു വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നു കോടതി വ്യക്തമാക്കി. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 ഒക്ടോബര്‍ 27ന് കുളത്തുപ്പുഴ പൂവക്കാട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ട്യൂഷന് സെന്ററില്‍ എത്തിക്കാമെന്നു പറഞ്ഞു വനത്തിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബാലികയുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണു രാജേഷ്.

ട്യൂഷന് സെന്ററില്‍ കുട്ടി എത്താതിനെ തുടര്‍ന്ന് രാജേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു അടുത്ത ദിവസം രാവിലെ ആര്‍പിഎല്‍ എസ്റ്റേറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കൊപ്പം പ്രതി യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.

