അങ്കിളിന് നന്ദി: ഹനാന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഉപജീവനത്തിനായി മീന്‍ വിറ്റതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായ ഹനാന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്.
ഒരു മകള്‍ എന്ന രീതിയില്‍ അവള് എപ്പോഴും ആഗ്രഹിക്കുക അച്ഛന്റേയും അമ്മയുടേയും സംരക്ഷണമാണ്. ആ സംരക്ഷണം എനിക്ക് എന്നും ഉണ്ട്. വളരെ ധൈര്യത്തോടെയാണ് നില്‍ക്കുന്നത്. നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. ഒരാള്‍ക്കു പോലും എന്നെ കൈവയ്ക്കാനാകില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. – ഹനാന് പറഞ്ഞു.

മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞുവോയെന്ന ചോദ്യത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി ‘അങ്കിളി’നോട് ഉണ്ടെന്ന് ഹനാന് മറുപടി നല്കി. തന്നെ ആക്രമിച്ചവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹനാന് പറഞ്ഞു. കൂടെ നിന്നവരോടും മാധ്യമ പ്രവര്‍ത്തകരോടും ഹനാന് നന്ദി അറിയിച്ചു.

