അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ജില്ലയ്ക്കുള്ള അംഗീകാരമായി

പേരാമ്പ്ര: മികച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ജില്ലയ്ക്കുള്ള അംഗീകാരമായി. വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് അര്‍ഹരായ രണ്ടുപേരും കോഴിക്കോട് ജില്ലക്കാരാണ്.
ബാലുശ്ശേരി ഐ.സി.ഡി.എസിന് കീഴിലുള്ള കൂരാച്ചുണ്ട് അങ്കണവാടിയിലെ കെ.എസ്. ഹാജറ ഇബ്രാഹീമിനും പേരാമ്പ്ര ഐ.സി.ഡി.എസിന് കീഴിലുള്ള കായണ്ണ യമുന അങ്കണവാടിയിലെ ടി.കെ. ലീലയ്ക്കുമാണ് പുരസ്‌കാരം. ഓഗസ്റ്റ് 31-ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഇരുവരും ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

കൂരാച്ചുണ്ട് ടൗണില്‍ പുള്ളുപറമ്പില്‍ ഇബ്രാഹീമിന്റെ ഭാര്യയാണ് ഹാജറ. 25 വര്‍ഷമായി കൂരാച്ചുണ്ട് അങ്കണവാടിയില്‍ ജോലി ചെയ്യുന്നു. 42 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയെന്നതാണ് ഇവിടത്തെ പ്രത്യേകത. നേരത്തെ ഷെഡില്‍ തുടങ്ങിയ അങ്കണവാടി 20 വര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയതാണ്. ചിത്രം വരക്കാറുള്ള ഹാജറ പഠനോപകരണങ്ങള്‍ കുട്ടികള്‍ക്കായി സ്വയം നിര്‍മ്മിച്ച് പഠനത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. 1996-97ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരവും നേടി. സബ്‌ന മുനീര്‍, ജസ്‌ന നിസാര്‍, ജംസുല്‍ എന്നിവരാണ് മക്കള്‍. ഭര്‍ത്താവ് ഇബ്രാഹീം വിദേശത്താണ്.

കായണ്ണ പഞ്ചായത്തിലെ കായണ്ണ നമ്പ്രത്തുമ്മലുള്ള യമുന അങ്കണവാടിയിലെ വര്‍ക്കറായ ടി.കെ.ലീല 25 വര്‍ഷമായി കുട്ടികള്‍ക്ക് അറിവ് പകരുന്നു. കായണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം തട്ടാന്റകുന്നുമ്മല്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. പഞ്ചായത്തിലെ പുറാളി അങ്കണവാടിയില്‍ നിന്ന് പത്ത് വര്‍ഷം മുമ്പ് ഇവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്നതാണ്. പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍(34 പേര്‍) പഠിക്കുന്നുവെന്ന നേട്ടം അങ്കണവാടിക്കുണ്ട്. അധ്യാപികയായ രജില, കുറ്റിവയല്‍ ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനായ ശ്രീജിത്ത് എന്നിവരാണ് മക്കള്‍.

