അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തില്‍ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷന്‍സ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യാര്‍കൂടത്തിലെ ആദ്യ ട്രക്കിംഗ് സംഘത്തിലെ ഏക വനിത. ഇതോടെ ഏറെക്കാലത്തിന് ശേഷം അഗസ്ത്യമല കയറുന്ന ആദ്യ സ്ത്രീയായി ധന്യാ സനല്‍.
ആദിവാസിഗോത്ര മഹാസഭ സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോള്‍ പ്രതിഷേധമൊന്നുമുണ്ടായില്ല. പകരം ആദിവാസികള്‍ അവരുടെ പരമ്ബരാഗത ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധയജ്ഞം നടത്തുകയാണ്.

മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയില്‍ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്. നൂറ് സ്ത്രീകളാണ് ആദ്യസീസണില്‍ ട്രക്കിംഗിന് ബുക്ക് ചെയ്തിരിക്കുന്നത്. ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേര്‍.

ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന‌് ബോണക്കാടുനിന്ന‌് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ‌്ത്രീകള്‍ക്ക‌് അതിരുമലയില്‍ വനംവകുപ്പ‌് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. രണ്ടാംദിവസം ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗസ‌്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ‌് സ്ത്രീകള്‍ക്കും അഗസ‌്ത്യമല കയറാമെന്ന‌് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത‌്. ആചാരങ്ങളുടെ പേരില്‍ സ‌്ത്രീകള്‍ക്ക‌് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ‌്ത്യ മലയിലേക്ക‌് സ‌്ത്രീകള്‍ക്ക‌് അനുവാദം നല്‍കാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട‌് സ‌്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാല്‍ കുറേ വര്‍ഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങള്‍ നടത്തുന്നനിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.
ഈ വര്‍ഷം രജിസ‌്ട്രേഷന്‍ ആരംഭിച്ചപ്പോള്‍ മൂവായിരത്തിലധികം സ‌്ത്രീകള്‍ അപേക്ഷിച്ചു. ഇതില്‍ നൂറുപേര്‍ക്കാണ‌് അനുമതി നല്‍കിയിട്ടുള്ളത‌്. സ്ത്രീകളുടെ ആവശ്യത്തെ തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാമ്ബായ അതിരുമലവരെ സ്ത്രീ പ്രവേശത്തിന് അനുമതി നല്‍കി കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസ‌്ത്യാര്‍കൂട മലയുടെ മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍ വരെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ കോടതി അനുമതി നല്‍കിയത്.
