KOYILANDY DIARY.COM

The Perfect News Portal

അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയപാര്‍ടികള്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയപാര്‍ടികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം , ബിജെപി , ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയം ചര്‍ച്ചചെയ്യുന്നതിനായി  ആറാം തിയതി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നിനാണ് യോഗം . കൂടാതെ കണ്ണൂരും തിരുവനന്തപുരത്തും കോട്ടയത്തും സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൌര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. ഒരുതരത്തിലും ഉള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാകരുത് , അക്രമങ്ങള്‍ തടയാന്‍ നേരത്തെ നടത്തിയ സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍, സംഘടനകളുടെ ഓഫീസുകള്‍, വീടുകള്‍ എന്നിവ ആക്രമിക്കാന്‍ പാടില്ല .ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അണികളെ  ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തും ചില സംഭവങ്ങള്‍ ഉണ്ടായി. അതും ഒഴിവാക്കേണ്ടതാണ് .

അക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ
വീടാക്രമിച്ചതും ബിജെപി ഓഫീസ് ആക്രമിച്ചതും അപലപനീയമാണ്. നിരവധി കൗണ്‍സിലര്‍മാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇത്തരം ആക്രമങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും താഴെ തട്ടിലേക്ക് സമാധാനാന്തരീക്ഷം എത്തിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്‍, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *