KOYILANDY DIARY.COM

The Perfect News Portal

അംഗീകാരങ്ങളുടെ നിറവിൽ നവംബ10ന് സമ്പൂർണ്ണ ഹോം ലൈബ്രറി പ്രഖ്യാപനം

കൊയിലാണ്ടി:  പരിമിതികളെ അതിജീവിച്ച് അക്കാദമിക അക്കാദമികേതര കാര്യങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന കർമ്മപദ്ധതികളുമായി മുന്നേറ്റത്തിന്റെ പുത്തൻ വിജയഗാഥ രചിച്ച് കൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് കോഴിക്കോട് ജില്ലയിലെ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം. എൽ. പി.സ്കൂൾ.
നാല് വർഷം മുമ്പ് 39 കുട്ടികൾ വരെ ആയി അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ വിദ്യാലയം ഇന്ന്അ ധ്യാപകരുടെയും, PTA യുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റിയിരിക്കുന്നു.
സോഷ്യൽ മീഡിയയുടെയും പത്ര-ദൃശ്യ മാധ്യമങ്ങളുടെയും സഹായത്തോടെ ഈ വിദ്യാലയത്തിന്റെ ഓരോ പ്രവർത്തന പദ്ധതികളും യഥാസമയം പൊതു സമൂഹത്തിലേക്കെത്തിച്ച് കൊണ്ട് വിദ്യാലയത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടപ്പോൾ ഈ വിദ്യാലയത്തിലേക്ക് തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന് പോലും കുട്ടികൾ ഒഴുകിയെത്തി. ഇപ്പോൾ പ്രീ – പ്രൈമറി അടക്കം നൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.
പ്രസിഡൻറും, ഭാരവാഹികളും ഉൾപ്പെടെ 95% പേരും വനിതകളായ ഇവിടുത്തെ PTA കമ്മറ്റി തുടർച്ചയായി രണ്ട് തവണ വിദ്യാഭ്യാസ വകുപ്പിന്റെ BEST PTA അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് ശ്രദ്ധേയമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിന് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളോട് മത്സരിച്ച്, ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള ‘നല്ല പാഠം അവാർഡ്  അർഹതക്കുള്ള അംഗീകാരമായി മാറി.
തുടർച്ചയായി മൂന്ന് വർഷവും മികച്ച കാർഷിക – പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ജില്ലാതല സീഡ് അവാർഡ് , മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രണ്ട് തവണ ജില്ലാ തല വി. കെ. സി. ജൂനിയർ നന്മ അവാർഡ്, തുടർച്ചയായി മൂന്ന് തവണ SSA യുടെ മികവ് അംഗീകാരം, മൂടാടി കൃഷിഭവന്റെ മികച്ച കാർഷിക വിദ്യാലയം എന്നിവ ഈ കൊച്ചു വിദ്യാലയം അഭിമാനത്തോടെ ഏറ്റുവാങ്ങി. കലാ-കായിക പ്രവൃത്തി പരിചയ മേളകളിലും, ക്വിസ്സ് മത്സരങ്ങളിലും ഇവിടുത്തെ കുട്ടികളുടെ അടയാളപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.
മുൻ വർഷങ്ങളിൽ വിദ്യാർത്ഥികളിലൂടെ കാബേജ്-കോളി ഫ്ലവർ കൃഷി, കരനെൽ കൃഷി എന്നിവ വിജയകരമാക്കിയതിന്
പുറമേ കുട്ടികളുടെ ചാനൽ, കുട്ടികളുടെ പത്രം, വേറിട്ട പ്രവർത്തനങ്ങളിലൂടെയുള്ള ദിനാചരണങ്ങൾ അടക്കം നിരവധി വൈവിധ്യമാർന്ന പദ്ധതികളും ഏറ്റെടുത്ത് നടപ്പിലാക്കി വിജയത്തിലേക്കെത്തിക്കുകയുണ്ടായി.
ലോക തപാൽ ദിനത്തിൽ ജില്ലാ കലക്ടർക്ക് അഭിനന്ദന കത്ത് തയ്യാറാക്കി കുട്ടികൾ കലക്ട്രേറ്റിലെത്തി അദ്ദേഹത്തിന് കൈമാറി. ഇപ്പോൾ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി ഹോം ലൈബ്രറി  എന്ന മഹത്തായ സംരഭത്തിനുള്ള ഒരുക്കത്തിലാണ്  ഈ വിദ്യാലയം. ക്ലാസ് മുറികളില്‍ നിന്ന് സ്വായത്തമാക്കുന്ന പാഠങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ പറന്നുയരണമെങ്കില്‍ പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തണം എന്ന തിരിച്ചറിവിൽ നിന്നാണ് വീടുകളിൽ ഗൃഹാങ്കണ വായനശാലകൾ രൂപപ്പെടുത്തുക എന്ന മഹത്തായ ആശയത്തിലേക്ക് വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ എത്തുന്നത്.
വലിയൊരു കെട്ടിടവും കുറെ കുഞ്ഞുങ്ങളും ഉണ്ടെങ്കില്‍ മാത്രം നല്ലൊരു വിദ്യാലയമാകില്ലെന്ന്  വിശ്വസിച്ച് കൊണ്ട് നടപ്പിലാക്കുന്ന പുതിയ ആശയങ്ങള്‍ക്ക്  ഊന്നൽ നൽകി അടച്ചുപൂട്ടാനിരുന്ന മുപ്പത്തൊമ്പത് കുട്ടികളില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലെ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം എല്‍ പി സ്കൂള്‍ ഇന്ന് അഭിമാനകരമായ വളര്‍ച്ചയിലേക്ക് ഉയര്‍ന്നത്. പ്രതിബന്ധങ്ങളെ അതിജീവിച്ച് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് പിറകില്‍. നിരവധി അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടങ്ങള്‍ സ്കൂള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
അക്കാദമിക മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനമാക്കി അധ്യയന വര്‍ഷത്തെ മികവ് പ്രവര്‍ത്തനമായ അമ്മവായന…  കുഞ്ഞുവായന…  കുടുംബവായന  എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഹോം ലൈബ്രറി പദ്ധതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ സ്കൂളെന്ന പദവിയിലേക്ക് ഈ വിദ്യാലയം കാലെടുത്തുവെക്കുകയാണ്.
2018 നവംബര്‍ 10ന് സ്വാഗതസംഘം ചെയർമാൻ  വി.വി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ  കെ.ദാസന്‍ എം എല്‍ എ സമ്പൂര്‍ണ ഹോം ലൈബ്രറി പ്രഖ്യാപനം നടത്തും.  ഡോ: സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും. വടകര DEO സി.മനോജ് കുമാർ, മൂടാടി  പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, മേലടി AEO ഇ. വിശ്വനാഥൻ, പന്തലായനി BPO എം.ജി.ബൽരാജ്, മുഹമ്മദലി മുതുകുനി എന്നിവർ സംബന്ധിക്കും. ഇതോടുകൂടി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി സ്ഥാപിക്കുന്ന വിദ്യാലയമായി ഈ സ്‌കൂൾ മാറും.
ചടങ്ങിൽ മുഴുവൻ കുട്ടികളുടെയും ഹോം ലൈബ്രറികളുടെ ഫോട്ടോ പ്രദർശനം, സമ്പൂർണ്ണ ഹോം ലൈബ്രറി റജിസ്റ്റർ പ്രകാശനം, പ്രീ-പ്രൈമറി ഉൾപ്പെടെ മുഴുവൻ കുട്ടികൾക്കും പുസ്തക കിറ്റ് വിതരണം, അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ ഇവരുടെ വായനാ കുറിപ്പുകളുടെ പ്രകാശനം എന്നിവ നടക്കും.
ഈ പദ്ധതിയിലേക്കു 500 പുസ്തകങ്ങൾ പുസ്തക സമാഹരണ യജ്ഞം വഴി സുമനസ്സുകളിൽ നിന്നാണ് ശേഖരിക്കുന്നത്. പരിമിതികളെ അവസരങ്ങളാക്കി മാറ്റിയാണ് ഈ വിദ്യാലയം ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് പൊതുവിദ്യാലയങ്ങൾക്കാകമാനം മാതൃകയായി ഉദിച്ച് നിൽക്കുന്നത് .
Share news

Leave a Reply

Your email address will not be published. Required fields are marked *