ഹാര്‍ബറില്‍ കെട്ടിനില്‍ക്കുന്ന ചെളി മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു

കൊയിലാണ്ടി: ഫിഷിങ് ഹാര്‍ബറിലെ വാര്‍ഫിന്റെ ഒരുഭാഗത്ത് കെട്ടിനില്‍ക്കുന്ന ചെളി മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു. പുറമേ നോക്കിയാല്‍ ഉറച്ച മണ്‍ത്തിട്ടപോലെ കാണുന്ന ചെളിപ്പരപ്പിലൂടെ അബദ്ധത്തിലെങ്ങാനും നടന്നാല്‍ അപകടകരമാംവിധം ആളുകള്‍ താഴ്ന്നുപോകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
കഴിഞ്ഞദിവസം തലയില്‍ മീന്‍കൊട്ടയുമായി നടന്നുപോകുകയായിരുന്ന ഒരു മത്സ്യത്തൊഴിലാളി ചെളിയില്‍ പൂണ്ടുപോയിരുന്നു. മറ്റുതൊഴിലാളികള്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. മാത്രമല്ല, വാര്‍ഫില്‍ ചെളി കെട്ടിനില്‍ക്കുന്നിടത്ത് നിര്‍മാണപ്രവൃത്തി നടത്തിയാല്‍ അടിത്തറയ്ക്കും ഉറപ്പുണ്ടാവില്ല.

വാര്ഫിനുള്ളിലെ ചെളി മാറ്റുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഉറപ്പു നല്‍കിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിന് ക്വട്ടേഷന്‍ നല്‍കിയതായാണ് വിവരം. ഹാര്‍ബര്‍ ബെയ്സിലും ചെളി അടിയുന്നുണ്ട്. ഇതും മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത ഭീഷണിയാകുന്നുണ്ട്.

മേയ്, ജൂണ്‍, ജൂലായ് മാസത്തില്‍ തീരത്ത് ചെളി അടിഞ്ഞുകൂടുന്നത് സ്ഥിരംപ്രതിഭാസമാണ്. ഹാര്‍ബര്‍ ബെയ്സിലേക്കും ചെളി അടിച്ചുകയറിയിട്ടുണ്ട്. സാധാരണ മൂന്നുമീറ്ററിലധികം ആഴം ബെയ്സില്‍ ഉണ്ടാകും. എന്നാല്‍, ഇപ്പോള്‍ അരമീറ്റര്‍പോലും ആഴമില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

ഹാര്‍ബറില്‍ കെട്ടിനില്‍ക്കുന്ന ചെളി ഡ്രഡ്ജിങ് ചെയ്തുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഹാര്‍ബറിന്റെ 85 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. പ്രധാന ഭാഗമായി രണ്ടുപുലിമുട്ടുകളും വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. ഒരു ലേലപ്പുര കൂടി പുതിയ നിര്‍മാണപ്രവൃത്തിയുടെ ഭാഗമായുണ്ടാക്കണം. ഇതോടനുബന്ധിച്ച് ഓഫീസ്, കടമുറികള്‍, കാന്റീന്, ടോയ്ലറ്റ്, ചുറ്റുമതില്‍, ഗെയ്റ്റ് ഹൗസ്, റോഡ്, പാര്‍ക്കിങ് ഏരിയാ, ഓവുചാല്‍, മാലിന്യസംസ്കരണ സംവിധാനം എന്നിവയും ഉണ്ടാക്കണം.
