ഹര്‍ത്താലിന്റെ മറവില്‍ അതിക്രമം: പിഞ്ചുകുഞ്ഞും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു

ബത്തേരി: കല്ലൂര്‍ തേക്കുംപറ്റ നാല് സെന്റ് കോളനിയില്‍ ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദുഐക്യവേദി-ആര്‍എസ്എസ് അതിക്രമം. പിഞ്ചുകുഞ്ഞും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് പൊലീസ് ആശുപത്രിയില്‍ എത്തിച്ചവരെ ആശുപത്രിയില്‍ കയറിയും മര്‍ദിച്ചു.
നാല് സെന്റ് കോളനിയില്‍ ടോമി (55), ഷിജു (24), ഷിജുവിന്റെ ഭാര്യ ഡീന (20) ഇവരുടെ എട്ടുമാസം പ്രായമായ മകള്‍ അനുശ്രീ, ടൈറ്റന്‍ (26), സലാഹുദ്ദീന്‍ (25), സഹോദരി ഫാത്തിമ (22), സീത (29), ലക്ഷ്മി (46) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. അറുപത് കുടുംബങ്ങള്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. ഇരുപതോളം വരുന്ന സംഘപരിവാറുകാര്‍ മാരകായുധങ്ങളുമായെത്തി വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചു. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഭയന്ന് കുട്ടികളടക്കമുള്ളവര്‍ നിലവിളിച്ചോടി. അടിയേറ്റ് വീണവരെ പൊലീസാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്തുടര്‍ന്നെത്തിയ ആര്‍എസ്എസുകാര്‍ ഇവരെ ആശുപത്രിയിലെത്തിയും മര്‍ദിച്ചു.

വീണ്ടും ഇവര്‍ കോളനിയിലെത്തി ഭീകരാന്തരീഷം സൃഷ്ടിച്ചു. ആളുകളെ വീടുകളില്‍നിന്ന് പുറത്താക്കി. രാത്രിയും ഇവര്‍ കോളനി പരിസരങ്ങളില്‍ തമ്പടിച്ചിരിക്കയാണ്. ഞായറാഴ്ച പുലര്‍ച്ചെ കോളനിയിലുള്ള നൌഷാദിനെ മുളക് പൊടി എറിഞ്ഞ് ആര്‍എസ്‌എസുകാര്‍ മര്‍ദിച്ചിരുന്നു. മുഖംമൂടിയണിഞ്ഞാണ് ഇവരെത്തിയത്. മര്‍ദനമേറ്റ് നൌഷാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വൈകിട്ടത്തെ ആക്രമണം.

നൂല്‍പ്പുഴ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് കല്ലുമുക്ക് നാല്സെന്റ് കോളനി. കോളനി ഉള്‍പ്പെടുന്ന വാര്‍ഡ് നേരത്തെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നും എല്‍ഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തിരുന്നു. ഇതിലുള്ള അസഹിഷ്ണുതയാണ് അതിക്രമത്തിന് കാരണമെന്നാണ് നിഗമനം.
