സ്‌കൂളിന്റെ മതിലിടിഞ്ഞ് വീണ് 85 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കൊയിലാണ്ടി: പയ്യോളി സിനിമ ചിത്രീകരണവും ചലചിത്രതാരങ്ങളെ കാണാനുമുള്ള തിരക്കിനിടയില്‍ പയ്യോളി ജി.വി.എച്ച്.എസ്.സ്‌കൂളിന്റെ മതിലിടിഞ്ഞ് വീണ് 85 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവര്‍ അടുത്തുള്ള ആശു
പത്രികളില്‍ ചികിത്സതേടി. നിസ്സാര പരിക്കേറ്റവര്‍ പിന്നീട് ആശുപത്രി വിട്ടു. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരു വിദ്യാര്‍ഥിയെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഏട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കീഴൂര്‍ ചെറിയപറമ്പത്ത് വൈഭവ്(13), തിക്കോടി കോട്ടവളപ്പില്‍ സിറാജിന്റെ മകന്‍ ഫൈജാസ്(13), മൂടാടി കോയന്റെ വളപ്പില്‍ അഷറഫിന്റെ മകള്‍ അമീന(14)എന്നിവരാണ് ആസ്പത്രിയിലുള്ളത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് സ്‌കൂള്‍ വിട്ടപ്പോഴാണ് സംഭവം. സ്‌കൂളിന് കിഴക്കുള്ള പറമ്പിലും റോഡിലുമായാണ് സിനിമാചിത്രീകരണം നടന്നത്. ഇത് കാണാന്‍ മതിലില്‍ ചാരിയും കയറിയും വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നിന്നതോടെ പഴയ മതില്‍ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ കുട്ടികളും തെറിച്ച് വീണു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ചലചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ വാഹനങ്ങളില്‍ ആദ്യം വിദ്യാര്‍ഥികളെ ആസ്പത്രിയിലെത്തിച്ചത്. അധ്യാപകരും കച്ചവടക്കാരും പി.ടി.എ.പ്രവര്‍ത്തകരും രക്ഷിതാക്കളും രക്ഷാപ്രവര്‍ത്തിനെത്തി.

ബിജുമേനോന്‍ നായകനായ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന രക്ഷാധികാരി ബിജു-ഒപ്പ് എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് നടക്കുന്നത്.

കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പ്രേമന്‍, മേലടി ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംല, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.കെ. പ്രേമന്‍, ടി. ബാലകൃഷ്ണന്‍, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, വടകര ഡി.ഇ.ഒ. ഗിരീഷ് ചോലയില്‍, ഡി.ഡി.ഇ. കെ.എം. സുരേഷ്‌കുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എ.വി. ചന്ദ്രന്‍, പയ്യോളി നരഗസഭാധ്യക്ഷ അഡ്വ. പി. കുല്‍സു എന്നിവര്‍ ആസ്പത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
