സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 31 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 31 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ഗോവിന്ദാപുരം കരുമണ്ണാന്കാട് വീട്ടില്‍ അക്ബര്‍ അലിയുടെ ഭാര്യ ബേനസീര്‍ (27)നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കിണാശേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ മാനേജറായി പ്രവര്‍ത്തിക്കവേയാണ് തട്ടിപ്പ് നടത്തിയത്.
ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി അവസാനം വരെ സ്വര്‍ണ വായ്പയുടെ പേരിലായിരുന്നു തട്ടിപ്പ്. സ്വര്‍ണം ലോക്കറില്‍ വയ്ക്കാതെ വിവിധ ആളുകളുടെ പേരില്‍ പണയപ്പെടുത്തിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതിയുടെ ഭര്‍ത്താവും ഇതിന് കൂട്ടുനിന്നതായി പറയുന്നു. 31 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയ സ്ഥാപന ഉടമകള്‍ തുടര്‍ന്ന് സൗത്ത് പോലീസില്‍ പരാതി നല്കി.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി. പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച പണവുമായി വിവിധ കേന്ദ്രങ്ങളില്‍ ഭര്‍ത്താവിനൊപ്പം കറങ്ങി നടന്ന യുവതി ബുധനാഴ്ച ഗോവിന്ദാപുരത്ത് എത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടി.

