സ്ഫടികരൂപത്തിലുള്ള കല്ലുകള്‍ ശേഖരിച്ചയാള്‍ക്കെതിരെ കേസ്

പേരാമ്പ്ര: ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട് പയ്യാനിക്കോട്ട പരിസരത്തു നിന്ന് പാറ തുരന്ന് സ്ഫടികരൂപത്തിലുള്ള കല്ലുകള്‍ ശേഖരിച്ചയാള്‍ക്കെതിരെ കേസ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് നിന്ന് സ്വകാര്യ വ്യക്തികളാണ് കല്ലു കുഴിച്ചെടുത്തത്. കല്ലുകള്‍ വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പ്രദേശത്തുകാരനായ പ്രദീഷിന്റ (35) പേരില്‍ കേസെടുത്തിട്ടുണ്ട്. പ്രദീഷ് ഒളിവിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വനം വകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് കുഴിയെടുത്താണു കല്ലുകള്‍ ശേഖരിച്ചത്. പ്രദീഷ് വീട്ടില്‍ ശേഖരിച്ചു വെച്ച നാല് ചാക്ക് കല്ലുകള്‍ ചൊവ്വാഴ്ച രാത്രിയാണ് അധികൃതര്‍ പിടികൂടിയത്. ഇരുമ്പയിര്‍ ഖനനനീക്കങ്ങള്‍ നടക്കുന്നുവെന്ന ഊ ഹാപോഹങ്ങള്‍ക്കിയിലാണ് സംഭവം. ഒരു മീറ്റര്‍ വീതിയിലും അതില്‍ കൂടുതല്‍ ആഴത്തിലും കുഴിയെടുത്താണ് കല്ലുകള്‍ കുഴിച്ചെടുത്തത് .

പരാതിയെ തുടര്‍ന്ന് എസ്റ്റേറ്റ് സൂപ്രണ്ട് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസില്‍ വിവരം നല്‍കുകയായിരുന്നു. ഇരുമ്പയിര്‍ ഖനനത്തിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്ന മേഖല വീണ്ടും വിവാദമാവുകയാണ്.

ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര്‍ ഖനനം നടത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ കമ്പനി നല്‍കിയ അപേക്ഷ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു. കാര്‍ഷിക മേഖലയായതിനാല്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് അനുമതി നിഷേധിച്ചത്. മലബാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടെ 406.4 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്താനുളള അനുമതിക്കാണ് ആവശ്യപ്പെട്ടത്.

2009ല്‍ യു.ഡി.എഫ് ഭരണകാലത്ത് ചക്കിട്ടപ്പാറ അടക്കമുളള മൂന്ന് വില്ലേജുകളില്‍ സ്വാകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തുടര്‍ന്നുളള അനുമതി റദ്ദാക്കിയിരുന്നു.
ബെല്ലാരി ആസ്ഥാനമായുളള എം.എസ്.പി.എല്‍ കമ്പനിക്ക് 30 വര്‍ഷത്തേക്ക് ഖനനത്തിനായി സര്‍വ്വെ നടത്താന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാറിനും വ്യവസായ വകുപ്പിനും എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണവും നടന്നു.
