സെപ്തംബര്‍ 15ഓടെ ജില്ലയിലെ എല്ലാ വീടുകളിലും ശൌചാലയം നിര്‍മിക്കുo; മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : സെപ്തംബര്‍ 15ഓടെ ജില്ലയിലെ എല്ലാ വീടുകളിലും ശൌചാലയം നിര്‍മിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന വിമുക്തമായ ജില്ലയായി കോഴിക്കോട് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഎഫ് (ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ) പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 60–ാമ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ഒഡിഎഫ് ആക്കി മാറ്റുന്നതിന്റെ മുന്നോടിയായാണിത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായുള്ള ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ മൂന്നു ശതമാനം വീടുകളില്‍ മാത്രമാണ് ശൌചാലയമില്ലാത്തത്. ജില്ലയിലെ 70 പഞ്ചായത്തുകളിലായി 13541 വീടുകളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു ശൌചാലയം നിര്‍മിക്കുന്നതിന് 15400 രൂപയാണ് അനുവദിക്കുന്നത്.

ഇതിനകം 10925 പേര്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ഉണ്ടാക്കി. 1906 കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നടപടി പൂര്‍ത്തിയായ കക്കൂസുകള്‍ 31നും ബാക്കിയുള്ളവ സെപ്തംബര്‍ 15നും പൂര്‍ത്തിയാവുന്ന രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനാണ് യോഗത്തിന്റെ തീരുമാനം.
വീടുകള്‍ക്കു പുറമെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങള്‍, നഗരപ്രദേശങ്ങള്‍, കൂടുതല്‍ ആളുകള്‍ ഇടപഴകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ടോയ്ലെറ്റുകള്‍ നിര്‍മിക്കും. എസ്സി–എസ്ടി കോളനികളില്‍ വകുപ്പിന്റെ കൂടി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടോയ്ലെറ്റ് നിര്‍മാണത്തിന് വേണ്ട അധികം തുക ബിസിനസ് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടും സന്നദ്ധ സംഘടനകളുടെ സഹായവും വഴി കണ്ടെത്തും.

കലക്ടര്‍ എന്‍ പ്രശാന്ത്, അസിസ്റ്റന്റ് കലക്ടര്‍ കെ ഇമ്പശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ പി വേലായുധന്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

