സഹകരണ പ്രസ്ഥാനവും പ്രവാസി പുനരധിവാസവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സംഘടിപ്പിച്ചു

മലപ്പുറം: കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സഹകരണ പ്രസ്ഥാനവും പ്രവാസി പുനരധിവാസവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ മാറ്റമനുസരിച്ച് ഏത് രൂപത്തിലും ഏത് മേഖലയിലേക്കും വളര്‍ന്ന് വികസിക്കാനുള്ള കരുത്ത് കേരളത്തിന്റെ സഹകരണമേഖല നേടിയിട്ടുണ്ട്. ബാങ്കിങ് മേഖലയെ കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് സഹകരണമേഖലയുടെ പ്രവര്‍ത്തനം ഇനിയും വ്യാപിപ്പിക്കേണതുണ്ട്. അതിനായി പ്രവാസികളുടെ സമ്ബത്ത് ശരിയായി വിനിയോഗിക്കാന്‍ കഴിയണം. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേരളത്തിലെ ഒാരോ കുടുംബത്തിന്റേയും പ്രശ്നമാണ്. ലേബര്ക്യാമ്ബിലെ തൊഴിലാളികള്‍ കൂടി അംഗമായ 352 പേരടങ്ങുന്ന ലോകകേരളസഭ ലോകത്തിന് തന്നെ മാതൃകയാണെന്നും സ്പീക്കര്‍ പറഞ്ഞു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി. ദിവാകരന് വിഷയം അവതരിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സെയ്താലിക്കുട്ടി, കേരള പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഗിരീശന് പിള്ള തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.

