KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാര്‍ നിലപാടിനുള്ള ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷ കേസ് വിധി: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീസുരക്ഷയെ സംബന്ധിച്ച്‌ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷ കൊലക്കേസിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമാംവിധം ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത സംഭവമാണിതെന്നും, ഇത് അന്വേഷിച്ച്‌ കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷ നല്‍കുക എന്നീ കാര്യങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ടീമിനെ നിയോഗിക്കാന്‍ നിശ്ചയിച്ചതെന്നും, നിഷ്പക്ഷവും നീതിപൂര്‍വവുമായി, ഒരുവിധ സ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടതെന്നും, സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചെന്നും, ആ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മുമ്ബ് ഇരുട്ടില്‍ത്തപ്പുകയായിരുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തിയതും, കുറ്റവാളിയെ പിടികൂടിയതും, നിയമത്തിന് മുമ്ബില്‍ കൊണ്ടുവന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Advertisements

മാത്രമല്ല, പ്രതിയെ കണ്ടെത്തുന്നതിലും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷകസംഘവും കേസ് ഫലപ്രദമായി നടത്തുന്നതില്‍ പ്രോസിക്യൂഷനും വിജയിച്ച കാര്യം വിധിന്യായത്തില്‍ കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണെന്നും, പഴുതുകള്‍ അടച്ചുള്ള അന്വേഷണം, കാര്യക്ഷമമായ പ്രോസിക്യൂഷന്‍ പ്രക്രിയ, നിര്‍ഭയമായ തരത്തിലുള്ള അന്വേഷണത്തിനു വേണ്ട സ്വാതന്ത്ര്യം എന്നിവയൊക്കെയാണ് കുറ്റവാളിക്ക് ശിക്ഷ നല്‍കുന്നിടത്തേക്ക് കേസ് കൊണ്ടെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ കൃത്യമായും കുറ്റവാളികളെ കണ്ടെത്താന്‍ കേരളത്തിലെ പൊലീസിനു കഴിയും എന്നതിന്റെ സ്ഥിരീകരണമാണിതെന്നും, പ്രത്യേക പൊലീസ് ടീമിനെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുന്നുവെന്നും, 18-ാം ദിവസം തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതും 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൂടാതെ, സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ലെന്നും, അത് നടക്കാന്‍ അനുവദിക്കില്ലെന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പില്‍ നിന്നും വിധിയില്‍ നിന്നും തെളിയുന്നതെന്നും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കര്‍ശനമായ ഇച്ഛാശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അമര്‍ച്ച ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും പിണറായി അറിയിച്ചു.

സ്ത്രീകള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും ജീവിക്കാന്‍ കഴിയുന്ന അവസ്ഥയെ ഒരുവിധത്തിലും ഹനിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും, മറിച്ച്‌ ചിന്തിക്കുന്നവര്‍ക്ക് വലിയ പാഠമാകട്ടെ ഈ കേസിന്റെ വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *