സമഗ്ര വികസനംകാത്ത് വെളിയണ്ണൂർ ചല്ലി

കൊയിലാണ്ടി: നടേരി വെളിയണ്ണൂർ ചല്ലിയിൽ സമഗ്ര വികസനം ആവിഷ്ക്കരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വികസന പദ്ധതി കാർഷിക-ടൂറിസം-ജലവിഭവ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, സമീപത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഭൂവുടമകൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവരുടെ സംയുക്ത സംരംഭമായി വെളിയണ്ണൂർ ചല്ലി വികസന പാക്കേജ് മാറണമെന്നാണ് ആവശ്യം. നെൽകൃഷി ചെയ്യാൻ കഴിയുന്ന പരമാവധി സ്ഥലങ്ങൾ കണ്ടെത്തി അവിടെ നെൽകൃഷി പ്രോൽസാഹനത്തിന് വിപുലമായ പദ്ധതി വേണം. പരമ്പരാഗതമായ നെല്ലിനങ്ങൾക്കൊപ്പം ബസുമതി പോലുളള വിലകൂടിയ ഇനങ്ങളും ആയിരം ഏക്കറയോളം വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ കൃഷിചെയ്യാവുതാണ്. ഉൽപ്പാദിപ്പിക്കുന്ന നെല്ല് അവിടെ വെച്ചു തന്നെ അരിയാക്കി മാറ്റി വെളിയണ്ണൂർ ബ്രാന്റിൽ ഗുണമേൻമയുളള അരി വിപണിയിൽ ഇറക്കാവുതാണ്. നെൽകൃഷി സാധ്യമല്ലാത്ത ഏക്കറ് കണക്കിന് ഭൂമി വെളിയണ്ണൂർ ചല്ലിയിൽ ഉണ്ട്. അവിടെ മൽസ്യ കൃഷി, കോഴി-താറാവ് കൃഷി, കന്നുകാലി വളർത്തൽ എന്നിവയ്ക്ക് വലിയ തോതിലുളള സാധ്യതയുണ്ട്. ചല്ലിയിൽ കെട്ടിനിൽക്കുന്ന അമിത ജലം തോടുകളിലേക്കും ജല സംഭരണികളിലേക്കും തിരിച്ചു വി ട്ടാൽ അവിടെ മൽസ്യ കൃഷിയും നടത്താം. വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷിയും ശുദ്ധജല മൽസ്യകൃഷിയും മാറിമാറി നടത്തുതിനുളള പ്രൊജക്ട് റിപ്പോർട്ട് അഡാക്ക് (ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള) തയ്യാറാക്കി സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതി ഇപ്പോഴും കടലാസിൽ മാത്രമാണുളളത്.
ഭക്ഷ്യ ധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെറുകിട കർഷകരുടെ ഉന്നമനവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് കൃഷി ഭൂമികൾ വ്യാപകമായി മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനപ്പെടുത്തുന്ന സാഹചര്യത്തിൽ നിലവിലുളള കൃഷിയിടങ്ങൾ സംരക്ഷിക്കുകയും കാർഷികോൽപ്പാദനം കൂട്ടുകയുമാണ് പദ്ധതികൊണ്ടു ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി നഗരസഭയും അരിക്കുളം , കീഴരിയൂർ ഗ്രാമ പഞ്ചായത്തുകളും അതിരിടുന്ന വെളിയണ്ണൂർ ചല്ലി 1500 ഏക്കറയോളം (607 ഹെക്ടർ) വ്യാപിച്ചുകിടന്ന വിസ്തൃതമായ പാടശേഖരമായിരുന്നു. എന്നാൽ നിലവിൽ വെളിയണ്ണൂർ ചല്ലിയുടെ വിസ്തൃതി 985 ഏക്രയായി കുറഞ്ഞിട്ടുണ്ട്. വർഷത്തിൽ ഏതു സമയത്തും വെളളം കെട്ടി നിൽക്കുതാണ് വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷി നിലച്ചുപോകാൻ കാരണം. നിലവിൽ ഏകദേശം 40 ഹെക്ടറിൽ കരഭാഗത്ത് മാത്രമേ ചെറിയ തോതിലെങ്കിലും നെൽകൃഷി നടത്താൻ കഴിയുന്നുളളു. രൂക്ഷമായ അട്ടശല്യവും വെളിയണ്ണൂർ ചല്ലിയിൽ കൃഷിയിറക്കുതിൽ നിന്നും കർഷകരെ അകറ്റി. ഇപ്പോൾ പുല്ലും പായലും എലി ശല്യവും കാരണം കൃഷി നടത്താൻ പറ്റുന്നില്ല. അഡാക്ക് നിർദ്ദേശിക്കുന്ന പദ്ധതിയിലൂടെ വിസ്മൃതിയിലായ നായാടൻ പുഴ വീണ്ടെടുത്തു അതിലെ നീരൊഴുക്ക് സുഗമമാക്കാനും വെളളക്കെട്ട്ഒഴിവാക്കി പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനാവശ്യമായ ബണ്ടുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.

