സബ്സർ അഹമ്മദ് ഭട്ടിനെ സെെന്യം വധിച്ചു

ശ്രീനഗർ: ഭീകരൻ ബുർഹാൻ വാനിയുടെ പിൻഗാമിയും ഹിസ്ബുൾ കമാൻഡറുമായ സബ്സർ അഹമ്മദ് ഭട്ടിനെ സെെന്യം വധിച്ചു. കാശ്‌മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഹിസ്ബുൾ മേധാവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്‌പിന്റെ പശ്ചാത്തലത്തിൽ സൈന്യം നടത്തിയ പരിശോധനയിൽ ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഭീകരരുടെ ഒളിസങ്കേതം സൈന്യം വളയുകയായിരുന്നു. അതേസമയം, സബ്സർ ഭട്ട് കൊല്ലപ്പെട്ടതായി വാർത്ത പരന്നതോടെ സൈന്യത്തിനു നേരെ കശ്മീരിൽ കല്ലേറു വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്.

സബ്സർ ഉൾപ്പെടെ രാംപൂരിലും ത്രാലിയിലുമായി എട്ട് ഭീകരരെ സെെന്യം വധിച്ചിട്ടുണ്ട്. ഇയാളെ വധിച്ചതായി സെെനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ഇന്ന് പുലർച്ചയാണ് അവസാനിച്ചത്. ഭട്ടിനൊപ്പം മറ്റൊരു തീവ്രവാദിയേയും സെെന്യം വധിച്ചു. ഇവരെ കൂടാതെ രാംപൂർ സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ആറു പേരെയും സെെന്യം വധിച്ചു. കഴിഞ്ഞ ജൂലായിൽ ഹിസ്ബുൾ കമാൻഡറായിരുന്ന ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സബ്സർ നേതൃത്വത്തിൽ എത്തുന്നത്. വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് കാശ്മീരിൽ ആഴ്‌ചകളോളം നീണ്ട പ്രക്ഷോഭം നടന്നിരുന്നു.

