സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി പാഞ്ചാലിമേട്
ഇടുക്കി: പുതിയ രൂപവും ഭംഗിയും കൈവരിച്ച് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരക്കാഴ്ചയും ശീതക്കാറ്റിന്റെ കുളിര്‍മയും ആസ്വദിക്കുവാന്‍ ഇവിടെയെത്തുവരെ സ്വീകരിക്കുവാന്‍ മികച്ച പ്രവേശനകവാടം, നടപ്പാത, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, കോഫിഷോപ്പ്, ഇരിപ്പിടങ്ങള്‍, ടോയ്ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ തുടങ്ങിയവ പുതുതായി ഒരുക്കിയിരിക്കുകയാണ് ജില്ലാ ടൂറസിം വകുപ്പ് .പണികള്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍വ്വഹിക്കും.
ടൂറിസം വകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ചാണ് പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പ്രകൃതി മനോഹരമായ മലനിരകളാലും കോടമഞ്ഞാലും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടില്‍ നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വീദൂരകാഴ്ചയും ദൃശ്യമാണ്. വിനോദസഞ്ചാരകേന്ദ്രമെന്നതിനു പുറമെ ശബരിമല പൊമ്ബലമേട്ടില് തെളിയുന്ന മകരജ്യോതി പാഞ്ചാലിമേട്ടില്‍ നിന്നും കാണാന്‍ കഴിയുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

മകരവിളക്ക് ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന സ്ഥലമെന്ന പവിത്രതയും പാഞ്ചാലിമേടിനുണ്ട്. ഒരു കുന്നില്‍ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവുമുളള പാഞ്ചാലിമേട്ടിലെത്തുവരെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മുന്ക്കാലങ്ങളിലൊക്കെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനൊരു ശാശ്വതപരിഹാരമാണ് ടൂറിസം വകുപ്പ് സജ്ജീകരിച്ചുവരുന്നത്. സാഹസികയാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാല്‍ അത്തരത്തിലുളള സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളളവ അടുത്ത ഘട്ടത്തില്‍ നടപ്പാക്കും. കോട്ടയം-കുമളി റോഡില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വളഞ്ഞാംകാനത്തുനിന്നും വലത്തോട്ടുളള റോഡില്‍ ഏകദേശം നാലു കിലോമീറ്റര്‍ മാറി സ്ഥിചെയ്യു ഈ വിനോദസഞ്ചാരകേന്ദ്രം കൂടുതല്‍ മികച്ചതാക്കുവാനുളള പ്രവര്‍ത്തനത്തിലാണ് ടൂറിസം വകുപ്പ്.




