സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കെട്ടിടങ്ങള്‍ ഇതര സ്ഥാപനങ്ങള്‍ക്ക് വാടകക്ക് കൊടുക്കുന്നു

തൃശൂര്‍: സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കെട്ടിടങ്ങള്‍ ഇതര സ്ഥാപനങ്ങള്‍ക്ക് വാടകക്ക് കൊടുക്കുന്നു. വിരമിക്കുന്നവരുടെ എണ്ണം കൂടുകയും ഒഴിവുകള്‍ നികത്താതിരിക്കുകയും ചെയ്തതോടെ അധികപ്പറ്റായ സ്ഥലമെല്ലാം വാടകക്ക് കൊടുക്കാനാണ് തീരുമാനം. ഓരോ എസ്.എസ്.എയിലും വാടകക്ക് കൊടുക്കുന്ന കെട്ടിടങ്ങളും അതി ൻ്റെറ വിസ്തീര്‍ണവും കാണിച്ച് അറിയിപ്പ് പുറത്തിറങ്ങി.
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് ഓഫിസ് ആവശ്യത്തിനും ബിസിനസിനും ഉതകുന്ന സ്ഥലം ലഭ്യമാണ് എന്നാണ് അറിയിപ്പ്. ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ച് വളപ്പിലെ സ്ഥലമാണ് നല്‍കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം ചന്ദ്രനഗറില്‍ മൂന്ന് കെട്ടിടങ്ങളും സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫിസിലും കൊടുവായൂര്‍, മണ്ണാര്‍ക്കാട്, വടക്കഞ്ചേരി, പുലാപ്പറ്റ, തൃത്താല എക്സ്ചേഞ്ചുകളിലും കെട്ടിടം വാടകക്ക് കൊടുക്കുകയാണ്.

ഈമാസം മാത്രം കേരള സര്‍ക്കിളില്‍ 411 പേര് വിരമിക്കുകയാണ്. ഇതിനൊന്നും പകരം നിയമനമില്ല. ബി.എസ്.എന്‍.എല്ലില്‍ ഏറ്റവും ഒടുവില്‍ നിയമനം നടന്നത് 1984ലാണ്. വിരമിക്കലിന് പുറമെ അര ലക്ഷത്തിലധികം പേരെ സ്വയം നിര്‍ബന്ധിത വിരമിക്കല്‍ നല്കി പറഞ്ഞയക്കാന്‍ പദ്ധതി ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം ബി.എസ്.എന്‍.എല്ലിനോട് താല്പര്യം കാണിക്കാതിരുന്ന എന്‍.ഡി.എ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറുന്നതോടെ കമ്പനിയുടെ ഭാവി സംബന്ധിച്ച ആശങ്ക മുറുകിയിട്ടുണ്ട്.

അതിനിടെ, കേരള സര്‍ക്കിളില്‍ 25 ടെലികോം സെൻ്ററുകള്‍ പൂട്ടാനും ഒരുക്കം തുടങ്ങി. സ്ഥിരം ജീവനക്കാരില്ലാത്ത സെന്ററുകളാണ് പൂട്ടുന്നത്. ഇവിടെ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരില്‍ മൂന്ന് മാസം വരെ ഇനിയും കാലാവധിയുള്ളവരുണ്ട്. അത് പൂര്‍ത്തിയാകുന്നതോടെ സെൻ്റര്‍ പൂട്ടാനാണ് നിര്‍ദേശം. ഇതില്‍ അധികവും ഗ്രാമീണ മേഖലയിലാണ്. ബില്‍ തുക സ്വീകരിക്കല്‍, സിം വിതരണം തുടങ്ങിയ സേവനങ്ങളാണ് ടെലികോം സന്ററുകളിൽ നിന്നും ലഭിക്കുന്നത്.

