KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ കുറയുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ നാല് ജില്ലകളിലെ സ്ഥിതി ഗുരുതരമാണ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിലായി ആയിരത്തോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്, ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇടുക്കിയിലും വയനാട്ടിലും മഴ കുറഞ്ഞിട്ടുണ്ട്. റാന്നി, കോലഞ്ചെരി മേഖലകളില്‍ വെള്ളം താഴ്ന്നിട്ടുണ്ട്. അതേസയമം ചെങ്ങന്നൂര്‍, തിരുവല്ല മേഖലകളില്‍ വെള്ളത്തിന്റെ ശക്തി കൂടുന്നുണ്ട്. പെരിയാറിലും ചാലിയാറിലും ജലനിരപ്പുയരുന്നുണ്ട്. ചെങ്ങന്നൂര്‍ ചാലക്കുടി മേഖലകളില്‍ ഒറ്റപ്പെവരില്‍ ബോട്ട് വഴി രക്ഷപ്പെട്ടുത്താന്‍ സാധിക്കാത്തവരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തും. ഹെലികോപ്റ്റര്‍ മുഖാന്തരം രക്ഷപ്പെടുത്താനുള്ളവരുടെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തിടത്തേക്ക് ഹെലിക്കോപ്റ്റര്‍ വഴി ഭക്ഷണമെത്തിക്കും. ഇതിനായി ഫുഡ് പാക്കറ്റുകള്‍ സംഭരിച്ച്‌ കഴിഞ്ഞു. കേന്ദ്രത്തിന്റെ പക്കല്‍ നിന്നും ഒരു ലക്ഷം ഫുഡ് പാക്കറ്റുകള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നും പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട് അതോടൊപ്പം സേനകളേയും വിട്ടുതരാന്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്ഥിതി മനസിലാക്കി അനുകൂലമായാണ് കേന്ദ്രം പ്രതികരിക്കുന്നത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 1567 ക്യാമ്ബുകളില്‍ 52856 കുടുംബങ്ങളിലെ 230000 പേര്‍ താമസിക്കുന്നുണ്ട്. ആഗസ്ത് മാസത്തില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട് 164 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ആര്‍മിയുടെ 16 ടീമുകളും, നാവികസേനയുടെ 13 ടീം തൃശൂരും 10 ടീം വയനാടും 4 ടീം ചെങ്ങന്നൂരും 12 ടീം ആലുവയിലും 3 ടീം പത്തനംതിട്ടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. നാവികസേനയുടെ 3 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ 28 ടീമുകള്‍ വിവിധ കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്‍ഡിആര്‍എഫിന്റെ 39 ടീമുകള്‍ രംഗത്തുണ്ട്. ഇവരുടെ 14 ടീമുകള്‍ കൂടി ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ള മേഖലയില്‍ നിന്നും ഓരോ ഒരു മണിക്കൂര്‍ കൂടുമ്ബോഴുമുള്ള വിവരങ്ങള്‍ ലഭ്യമാക്കും. ഒരോ 4 മണിക്കൂര്‍ കൂടുമ്ബോഴും ഈ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നല്‍കണം. അതിനനുസരിച്ചുള്ള നടപടികളായിരിക്കും ആ മേഖലയില്‍ കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഒരോ സ്ഥലത്തിനും പ്രത്യേകം ഉദ്യേഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സജീവമായി ഇടപെടുന്നുണ്ട്, ഇവരോട് പൂര്‍ണമായും ജനങ്ങള്‍ സഹകരിക്കണം. വെള്ളം കയറില്ലെന്നു കരുതി വീട്ടില്‍ തന്നെ ഇരിക്കരുത്. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *