സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സിനു കീഴിലുള്ള കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റേതാണ് തീരുമാനം. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണിത്. അതേസമയം, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേള്സ് അസോസിയേഷന്റെ കീഴിലുള്ള പമ്ബുകളില്‍ കാര്‍ഡ് സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 1200ല്‍ അധികം പമ്ബുടമകള്‍ അംഗങ്ങളായ സംഘടനയാണിത്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഭാവിയില്‍ കാര്‍ഡ് ഒഴിവാക്കേണ്ടിവരുമെന്ന് ഇവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം പമ്പുടമകളെ അറിയിച്ചത്. രാജ്യത്താകെയുള്ള പെട്രോള്‍ പമ്ബുകളില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ഐസിഐസിഐ, എച്ച്‌ഡിഎഫ്സി ബാങ്കുകളുടെ സ്വൈപിങ് മെഷീനുകളാണ്.

നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം എന്ന നിരക്കിലാണ് ഡീലര്‍മാരില്‍നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇത് ലാഭവിഹിതം കുറയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പമ്പുടമകളുടെ പ്രതിഷേധ നടപടി. സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപടിയെടുക്കണമെന്ന് പമ്ബുടമകള്‍ ആവശ്യപ്പെട്ടു.

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയാണ് കാര്‍ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം. ഇപ്പോഴും നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കാര്‍ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാകും. നേരത്തെ, കാര്‍ഡ് വഴി ഇന്ധനം വാങ്ങുന്നവര്‍ക്ക് വിലയില്‍ 0.75 ശതമാനം കിഴിവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പമ്പുകളില്‍ നടക്കുന്നതിലധികവും 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായതിനാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കം വലിയ നഷ്ടം വരുത്തുമെന്നാണ് ഉടമകളുടെ വാദം. ഡിജിറ്റല്‍ പണമിടപാടിനെ പിന്തുണയ്ക്കുന്ന നിലപാടാണ് തങ്ങളുടേതെങ്കിലും ബാങ്കുകളുടെ നടപടി നിമിത്തം കാര്‍ഡ് സ്വീകരിക്കുന്നത് നിര്‍ത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
