സംസ്ഥാനത്തെ ആദ്യ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ പേരാമ്പ്രയില്‍
പേരാമ്പ്ര: തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകാന്‍ സംസ്ഥാനത്തെ ആദ്യ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ പേരാമ്പ്രയില്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 11-ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സാധാരണക്കാര്‍ക്കുവരെ ഏതുസമയത്തും സൗജന്യമായി സമീപിക്കാവുന്ന കേന്ദ്രമായിരിക്കുമിതെന്ന് മണ്ഡലം വികസന മിഷന് ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, സെന്റര്‍ മാനേജര്‍ പി. രാജീവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിനു കീഴില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ഭാഗമായാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനാര്ഥമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, മികച്ച കോഴ്സുകളെയും തൊഴിലുകളെയും പറ്റിയുള്ള ബോധവത്കരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സേവനം ലഭ്യമാകുക. കരിയര്‍ ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഉപയോഗിക്കാം. മൂന്നുമാസം കൂടുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സംവിധാനമുണ്ടാകും. മികച്ച തൊഴിലിന് ആവശ്യമായ വ്യക്തിത്വഘടന വികസിപ്പിക്കുന്നതിന് സഹായകമായി നിരവധി പരിപാടികള്‍ നടപ്പാക്കും. വിവിധ തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് ജോലിയില്‍ കൂടുതല്‍ മികവുറ്റവരാകാന്‍ പരിശീലനങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കാനുള്ള സംശയനിവാരണവും വരുത്താം. ഗ്രാമീണമേഖലയിലുള്ളവര്‍ക്കും സ്കൂള്‍, കോളേജ് കേന്ദ്രീകരിച്ചും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

കരിയര്‍ കൗണ്‍സലിങ്, മത്സരപരീക്ഷാപരിശീലനങ്ങള്, ഗോള്‍ സെറ്റിങ്, ബയോഡാറ്റ തയ്യാറക്കല്, അഭിമുഖ പരിശീലനം, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പരിപാടി, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, പട്ടികജാതി-വര്‍ഗവിഭാഗക്കാര്‍ക്കും വനിതകള്‍ക്കും പ്രത്യേകപരിപാടികള്‍ തുടങ്ങിയവയും സെന്ററിന്റെ ഭാഗമായി നടക്കും. 55 ലക്ഷം രൂപ ചെലവിലാണ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയില്‍ സെന്റര്‍ ഒരുക്കിയത്. 50 പേര്‍ക്ക് ഇരിക്കാവുന്ന പരിശീലനഹാള്‍, പത്ത് കമ്പ്യൂട്ടറുകളുള്ള ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ ലാബ്, കരിയര്‍ ലൈബ്രറി എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

എംപ്ലോയ്മെന്ര് ഓഫീസറുടെ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് സെന്ര് മാനേജര്‍. കരിയര്‍ കൗണ്‍സിലര്‍, ഐ.ടി.ഓഫീസര്‍ എന്നിവരുടെ സേവനവും പൂര്ണസമയമുണ്ടാകും. എ.കെ. പത്മനാഭന്, എപ്ലോയ്മെന്റ് ഓഫീസര്‍ കെ.വി. രാജേന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ എസ്.എം.എസ്. ആയും ഇ-മെയില്‍ ആയും നല്‍കാനുള്ള സംവിധാനമൊരുക്കുന്നത് കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ സജീവ പരിഗണനയിലാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലി ഒഴിവുകളും വിവരങ്ങളും കൈമാറുകയാണ് ലക്ഷ്യം.
തൊഴില്‍രംഗത്തെ ഏറ്റവുംപുതിയ വിവരങ്ങളടങ്ങിയ കരിയര്‍ ഇന്‍ഫര്‍മേഷന്‍ ഡേറ്റാബേസ് സെന്ററിനായി തയ്യാറാക്കുന്നുണ്ട്. പ്രാദേശിക, ജില്ലാ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കുന്നത്. കോഴ്സുകള്‍, പരീക്ഷകള്‍, അപ്രന്റിസ്ഷിപ്പുകള്‍, പരിശീലനകേന്ദ്രങ്ങള്‍, സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍, പ്രവേശനപരീക്ഷകള്‍, മത്സരപരീക്ഷകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്പ്പെട്ടതാകുമിത്. സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള ഏറ്റവുംവലിയ തൊഴില്‍ വിവര ഡേറ്റാബാങ്കാകുമിത്.



