വ്യാജ പരസ്യം: രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ

ഹരിദ്വാര്‍ > ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരസ്യം ചെയ്തതിനു യോഗ സ്വാമിയും ബിജെപി സഹയാത്രികനുമായ ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കോടതിയുടേതാണ് വിധി. ഒരു മാസത്തിനകം പിഴയടക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
2012ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് പതഞ്ജലിയുടെ കടുകെണ്ണ, ഉപ്പ്, പൈനാപ്പിള്‍ ജാം, തേന്‍, കടലമാവ് എന്നീ ഉല്പന്നങ്ങളില് നടത്തിയ പരിശോധനയില്‍ ഇവയ്ക്ക് ആവശ്യമായ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കുന്നതിനെതിരെ ഈ വര്‍ഷം ജൂലൈയില്‍ പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പതഞ്ജലിയുടേത് ശുദ്ധമായ കടുകെണ്ണയാണെന്നും മറ്റു കമ്പനികളുടേതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു പരസ്യങ്ങളില്‍ പറഞ്ഞിരുന്നത്.

ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ 52,53 വകുപ്പുകളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന് ആക്ടിലെ 23.1 സെക്ഷനുമാണ് കമ്പനി ലംഘിച്ചതായി തെളിഞ്ഞത്.

കഴിഞ്ഞ ജൂലൈയില്‍ പതഞ്ജലിക്കെതിരെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തു വന്നിരുന്നു. മറ്റു കമ്പനികളുടെ ഉത്പന്നങ്ങളെ മോശമാക്കി ചിത്രീകരിച്ചതിനായിരുന്നു കൗണ്‍സില്‍ കമ്പനിയെ താക്കീത് ചെയ്തത്.

