വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി

ബെംഗളുരു: തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി.ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് ഈ തീരുമാനം. വിമതര്‍ ഉള്‍പ്പടെ എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്കി. വിപ്പ് ലംഘിച്ച, വിശ്വാസവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ എല്ലാ എംഎല്‍എമാരും അയോഗ്യരാകും. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.
”സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ നടക്കുന്നത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ഇത് ചില എംഎല്‍എമാരുടെ നീക്കങ്ങള്‍ കൊണ്ടുമാത്രമാണ്. ഞാനിവിടെ അധികാരത്തില്‍ കടിച്ചുതൂങ്ങാനല്ല ഇരിക്കുന്നത്. ഇപ്പോഴുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്”, വിധാന്‍ സൗധയില്‍ വച്ച് കുമാരസ്വാമി പറഞ്ഞു.

തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്.വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എംഎല്‍എമാര്‍ പറഞ്ഞെന്നും അതിനാലാണ് രാജി വച്ചതെന്നും വാര്‍ത്താ സമ്മേളത്തിലടക്കം സ്പീക്കര്‍ പറഞ്ഞിരുന്നു..

