വിദേശ മദ്യശാലക്കെതിരെ കൊയിലാണ്ടിയിൽ 17ന് ധർണ്ണ

കൊയിലാണ്ടി: കൺസ്യൂമർ ഫെഡിന്റെ നിയന്ത്രണിലുള്ള വിദേശ മദ്യശാല വരുന്നതിനെതിരെ കൊയിലാണ്ടി മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംഗിൽ റഡിഡന്റ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു. ജനുവരി 17ന് വൈകീട്ട് 5 മണിക്ക നടക്കുന്ന ധർണ്ണ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. മേലൂർ വാസുദേവൻ മറ്റ് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ധർണ്ണയിൽ സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 7 മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. മദ്യശാലക്കെതിരെ നിലവിൽ കൊയിലാണ്ടി മുൻസീഫ് കോടതിയുടെ സ്റ്റേ നിലനിൽക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ ഭാഗമായി ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന മദ്യശാല അധികൃതർ അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് കൺസ്യൂമർ ഫെഡ്ഡ് കൊയിലാണ്ടിയിലെ പുളിയഞ്ചേരിയിലും, മുത്താമ്പിയിലും മദ്യശാല തുറക്കുന്നതിന് വേണ്ടി ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെശക്തമായ എതിർപ്പിനെ തുടർന്ന് എക്സൈസ് മന്ത്രി ഇടപെട്ടതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

അതിന് ശേഷമാണ് മുത്താമ്പിറോഡിൽ തയ്യിൽ ബിൽഡിംഗിലേക്ക് മാറ്റൻ അധികൃതർ നീക്കം നടത്തുന്നത്. ഇവിടെയും ശക്തമായ സമരം തുടരുകയാണ്. കമ്പ്യൂട്ടറും മറ്റ് ഓഫീസ് ഉപകരണങ്ങളും മദ്യവുമായി അധികൃതർ വാഹനത്തിൽ വന്നെങ്കിലും നാട്ടുകാർ സംഘടിച്ച് വാഹനം തിരിച്ചു, പിന്നീട് രാത്രി പോലീസ് സന്നാഹത്തോടുകൂടി വീണ്ടും മദ്യവുമായി എത്തിയപ്പോൾ പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയും നഗരഭാ ചെയർമാനും മറ്റ് ജനപ്രതിനിധികളും നടത്തിയ ഇടപെടലിനെ തുടർന്ന് അധികാരികളെ തിരിച്ചയപ്പിക്കുകയുമായിരുന്നു.

ഇപ്പോൾ കേസ് വടകര കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനും 17ന് ധർണ്ണ സംഘടിപ്പിക്കാനും തീരുമാനിക്കുകയാണുണ്ടായത്. അധികൃതർ തീരുമാനം മാറ്റിയില്ലെങ്കിൽ രാപകൽ സമരം ഉൾപ്പെടെ നടത്തുന്നതിന് കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

