വള്ളം മുങ്ങി കാണാതായ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാന്‍ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരിയില്‍ സജി മെഗാസ് (46), ഡ്രൈവര്‍ തിരുവല്ല ഇരവിപേരൂര്‍ ഓതറ കൊച്ച് റാം മുറിയില്‍ ബിബിന്‍ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയര്‍ഫോഴ്സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്കൂബാ ഡൈവ് യൂണിറ്റുകളും അഗ്നിശമന സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാര്‍ എഴുമാംകായലുമായി ചേരുന്ന അറുപതില്‍ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാന് കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് എസ്. നായര്‍ (29), റിപ്പോര്‍ട്ടര്‍ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരന് (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍പാറേല്‍ കോളനിയില്‍ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാര്‍ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

