KOYILANDY DIARY.COM

The Perfect News Portal

വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

വളയം: മലയോരമേഖലയുടെ മുഖച്ഛായ മാറ്റിക്കൊണ്ട് വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വര്‍ഷം ഒരു മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തക എന്ന സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തുന്നത്.

ഇത് സംബന്ധിച്ച് വിപുലമായ വികസന സമിതിയോഗം ചേര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ സ്‌കൂളില്‍ ഉണ്ടാവും. സ്മാര്‍ട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, മാത്!സ് ലാബ്, ലാംഗ്വേജ് ലാബ്, ആധുനിക സൗകര്യങ്ങളോടെയുള്ള പാചകപ്പുര, ഡൈനിങ് ഹാള്‍, ഓഡിറ്റോറിയം, സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ജിം, വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് കോടിയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വികസനത്തിനായി ഇ.കെ. വിജയന്‍ എം.എല്‍.എ. ഒരു കോടി എട്ട് ലക്ഷം രൂപയും സംസ്ഥാന വിദ്യാഭ്യാസവകുപ്പ് അഞ്ച് കോടിരൂപയും അനുവദിച്ചു. ഒന്നരക്കോടി രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി. ത്രിതല പഞ്ചായത്ത് ഫണ്ടുകളും ലോക്‌സഭ, രാജ്യസഭ എം.പി.മാരും കൂടി ഫണ്ട് അനുവദിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എളുപ്പം സാധിക്കുമെന്നാണ് പ്രതീക്ഷ.

Advertisements

തിങ്കളാഴ്ച വളയത്ത് നടന്ന യോഗത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. കണ്ണന്‍, പി.പി. ചാത്തു, ടി.എം.വി. അബ്ദുല്‍ ഹമീദ്, പി.കെ. ശങ്കരന്‍, എം. ഗംഗാധരന്‍, എം.ടി. ബാലന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ക്ലാരമ്മ ജോസഫ്, പ്രിന്‍സിപ്പല്‍ പി.കെ. ചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് എം. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ്തലത്തില്‍ വിശദമായ കര്‍മ സമിതി രൂപവത്കരിക്കാനും പൂര്‍വവിദ്യാര്‍ഥി സംഗമം, ജനകീയ കണ്‍വെന്‍ഷന്‍ തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനമായി.

Share news

Leave a Reply

Your email address will not be published. Required fields are marked *