വര്‍ക്കലയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വര്‍ക്കല എംജിഎം സ്കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ (16) ആണ് ആത്മഹത്യ ചെയ്തത്. മരക്കടവത്ത് കിടാവത്ത് വിളയില്‍ സുകേശിനി ബംഗ്ളാവില്‍ പ്രദീപിന്റെയും ശാരിയുടേയും മകനാണ്. സ്കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമാണ് മകന്‍ ആത്മഹത്യചെയ്യാന്‍ കാരണമെന്ന് ആരോപിച്ച് അര്‍ജുന്റെ അമ്മ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി. സ്കൂള്‍ മാനേജ്മെന്റിനെതിരെ ബന്ധുക്കളും ആരോപണം ഉന്നയിച്ചു.
സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അര്‍ജുനെ വഴക്കു പറഞ്ഞിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പറയുന്നു.ഒരാഴ്ച മുമ്പ് സ്കൂളില്‍ നടന്ന പരീക്ഷക്ക് അര്‍ജുന്‍ സ്മാര്‍ട്ട് വാച്ച് കെട്ടിപോയിരുന്നു. ഇത് അഴിപ്പിച്ച് വെച്ചാണ് പരീക്ഷക്കിരുത്തിയത്. ഫലം വന്നപ്പോള്‍ അര്‍ജുന് മാര്‍ക്ക് കുറവായിരുന്നു.

തുടര്‍ന്ന് ഇന്നലെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി അവരുടെ മുന്നില്‍വെച്ച് കുറെ വഴക്കുപറഞ്ഞിരുന്നു. കൂടാതെ അടുത്ത പരീക്ഷക്ക് ഇരുത്തില്ലെന്നും ഡീബാര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടി മാനസിക പ്രയാസത്തിലായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം അര്‍ജുനെ ഭീഷണിപെടുത്തിയിട്ടില്ലെന്നും കോപ്പിയടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകമാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.

