വനിതകളുടെ കൈക്കരുത്തില്‍ ഷര്‍മിളക്ക് കിണര്‍ സ്വന്തം
അത്തോളി > വേനല്‍ക്കാലത്ത് മുഴുവന്‍ കുടിവെള്ളക്ഷാമം അനുഭവിച്ച കൊടശ്ശേരിയിലെ മുള്ളാലക്കുഴിയില്‍ ഷര്‍മിളക്ക് ഇനി കിണര്‍ സ്വന്തം. അതും 10 വനിതകളുടെ കൈക്കരുത്തില്‍ കുഴിച്ച കിണര്‍. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഷര്‍മിളക്ക് കിണര്‍ നിര്‍മിച്ചത്. മേറ്റ് ഷീബയുടെ നേതൃത്വത്തില്‍ ഷര്‍മിള, മൈഥിലി, സത്യവതി, സുമതി, റീന, ജിഷ, സരോജിനി, സരള, നിഷ എന്നിവരാണ് കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. വിദഗ്ധ തൊഴിലാളികളായ ഭാസ്കരന്റെയും ഹരിദാസന്റെയും പിന്തുണ തൊഴിലാളികള്‍ക്കുണ്ടായി.
ജോലി പൂര്‍ത്തീകരിക്കാന്‍ തങ്ങളെക്കൊണ്ട് കഴിയുമോയെന്ന് ഈ വനിതകള്‍ ശങ്കിച്ചുനിന്നപ്പോഴാണ് ഭാസ്കരനും ഹരിദാസനും ധൈര്യം പകര്‍ന്നതെന്ന് ഇവര്‍ പറയുന്നു. ഉറപ്പുള്ള ചെങ്കല്‍ ചെത്തിത്താഴ്ത്തി അവസാനം 14 കോലില്‍ കിണറിന്റെ പണി പൂര്‍ത്തിയാക്കി നീരുറവ കാണുന്നത് വരെ പ്രതീക്ഷയോടെയാണ് കിണറിനകത്ത് നിത്യേനയെന്നോണം കയറിയിറങ്ങിയത്. പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന തൊഴില്‍മേഖലയില്‍ തങ്ങള്‍ക്കും നിലയുറപ്പിക്കാന്‍ കഴിഞ്ഞുവെന്നുള്ള ചാരിതാര്‍ഥ്യത്തിലും ഒരു പരിഭവം പറയാന്‍ അവര്‍ മറന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ കിണറിന്റെ ജോലി എടുക്കുമ്പോഴെങ്കിലും കൂലി അല്‍പ്പംകൂടി കൂട്ടിത്തരണമെന്നാണ് ആവശ്യം.

