വടകരയിൽ ടെക്സ്റ്റൈൽസിലെ ജനറേറ്ററിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

വടകര: വടകര മാര്‍ക്കറ്റ് റോഡില്‍ സൗന്ദര്യ ടെക്സ്റ്റൈൽസിലെ ജനറേറ്ററിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ച ജനറേറ്ററില്‍ തീ കണ്ടത്. വടകര അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.
പെരുന്നാളിന്റെ തലേദിവസമായതിനാല്‍ സ്ഥാപനത്തില്‍ വന്‍ തിരക്കുണ്ടായിരുന്നു. തീപിടിച്ചതറിഞ്ഞ് ജീവനക്കാരും കടയിലെത്തിയവരും പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ആറു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

