ലോക എയ്ഡ്‌സ് ദിനാചരണ പരിപാടി മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ല ആരോഗ്യ വകുപ്പിനുകീഴില്‍ വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും ചേര്‍ന്ന് എയ്ഡ്സ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. സമാപന പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിന്‍െറ ഉപയോഗമാണ് ആധുനിക തലമുറയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.പി സ്കൂളുകള്‍ മുതലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മയക്കുമരുന്ന് മാഫിയ കഴുകന്‍ കണ്ണുകളോടെ നടക്കുകയാണ്. വിദ്യാര്‍ഥികളെ റാഞ്ചി ലഹരിയുടെ അടിമകളാക്കി മാഫിയയുടെ കണ്ണിയില്‍ ചേര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. എയ്ഡ്സ് ബോധവത്കരണത്തിനുള്ള ആശയപ്രചാരണം നടത്തേണ്ടത് യുവാക്കളാണ്. രോഗംവരാതിരിക്കാന്‍ പ്രതിരോധവും ബോധവത്കരണവും ഒരുപോലെ നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കിറ്റ് മത്സരത്തിലെ വിജയികളായ ഗ്ളോബല്‍ പാരലല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി.മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍നിന്ന് ആരംഭിച്ച ബോധവത്കരണ റാലി അസി. കമ്മീഷണര്‍ കെ.കെ. മൊയ്തീന്‍കുട്ടി ഫ്ളാഗ്‌ഓഫ് ചെയ്തു. ബീച്ച് ഗവ. നഴ്സിങ് കോളജ്, ബേബി മെമ്മോറിയല്‍ നഴ്സിങ് കോളജ്, പ്രോവിഡന്‍സ് കോളജ്, ജെ.ഡി.ടി പോളിടെക്നിക്, ചേളന്നൂര്‍ എസ്.എന്‍ കോളജ്, ഗുരുവായൂരപ്പന്‍ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും വിവിധ വകുപ്പുകളിലെ പ്രോഗ്രാം ഓഫിസര്‍മാരും റാലിയില്‍ പങ്കെടുത്തു.

