ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടു പോയി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ തൃശ്ശൂരില്‍ മൂന്നിടങ്ങളിലായി പോലീസ് തെളിവെടുപ്പിന് ഹാജരാക്കി. തുടര്‍ന്ന് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടു പോയി. ആള്‍ക്കൂട്ടവും പ്രതിഷേധവും കണക്കിലെടുത്ത് മൂന്നിടങ്ങളിലും ഏറെ വൈകിയാണ് പോലീസ് ദിലീപിനെ ബസ്സില്‍ നിന്ന് പുറത്തിറക്കിയത്.
തൃശ്ശൂര്‍ നഗരത്തിലെ ജോയ്സ് പാലസിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ബി.എം.ഡബ്ല്യൂ കാറില്‍ വെച്ച് ദിലീപ് പള്‍സര്‍ സുനിയ്ക്ക് 10000 രൂപ കൈമാറിയെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ തെളിവെടുപ്പിനായാണ് ജോയ്സ് പാലസില്‍ ദിലീപിനെ ഹാജരാക്കിയത്.

പിന്നീട് തൃശ്ശൂരിലെ മറ്റൊരു നക്ഷത്ര ഹോട്ടലായ ഗരുഡയിലാണ് ഹാജരാക്കിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരം ചിത്രീകരണ വേളയിലാണ് ദിലീപ് ഗരുഡയില്‍ താമസിച്ചത്. ഗരുഡയില്‍ വെച്ച് ദിലീപ് മൂന്ന തവണകളിലായി പള്‍സര്‍ സുനിയുമായി കണ്ടുമുട്ടി എന്നാണ് പോലീസ് പറയുന്നത്. 14 ദിവസത്തിനിടെയുള്ള താമസത്തിനിടെ മൂന്ന് തവണയാണ് ഇവര്‍ ഇവിടെ കണ്ടുമുട്ടിയത്.

ഗരുഡയിലെ എട്ടാം നിലയില്‍ ദിലീപ് അന്ന് താമസിച്ചിരുന്ന മുറിയില്‍ കൊണ്ടു പോയാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്ബിലേക്ക് കൊണ്ടു പോയത്.

എന്നാല്‍ ടെന്നീസ് ക്ലബ്ബിന് മുന്നില്‍ എ.ഐ.വൈ.എഫ് പ്രതിഷേധം നടന്നതിനെ തുടര്‍ന്ന് തെളിവെടുപ്പിന് ഹാജരാക്കുന്നത് വൈകി. ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്ന് കൂവി വിളികളുമുണ്ടായി. ഇതുമൂലം ഏറെ നേരം പോലീസ് ബസ്സില്‍ ദീലിപിനെയും കൊണ്ട് പോലീസിന് കാത്തിരിക്കേണ്ടി വന്നു.
ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനായിരുന്നു ടെന്നീസ് ക്ലബ്ബ്. ടെന്നീസ് ക്ലബ്ബില്‍ വെച്ചാണ് സുനിയുടെയും ദിലീപിന്റെയും ടവര്‍ ലൊക്കേഷന്‍ ഒരേ പരിധിയില്‍ വന്നത്. ടെന്നീസ് ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപുമൊത്ത് എടുത്ത് സെല്‍ഫി ചിത്രങ്ങളില്‍ പതിഞ്ഞ പള്‍സര്‍ സുനിയുടെ ദൃശ്യം ഗൂഡാലോചന വെളിവാക്കുന്ന പ്രധാന തെളിവുകളിലൊന്നാണ്.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 12.30ഓടു കൂടി ടെന്നീസ് ക്ലബ്ബിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ദിലീപിനെയും കൊണ്ടുള്ള പോലീസ് വാഹനം ആലുവ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കും.
