ലിഫ്റ്റില്‍ കുടുങ്ങിയയാളെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി
തൃശൂര്‍: ലിഫ്റ്റില്‍ കുടുങ്ങിയയാളെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ഇക്കണ്ടവാര്യര്‍ റോഡില്‍ പള്ളിക്കുളത്ത് ചേലൂര്‍ അപ്പാര്‍ട്ട്മെന്റ്സിലാണ് ലിഫ്റ്റില്‍ ആള് കുടുങ്ങിയത്.
മുകള്‍നിലയിലേക്ക് പോവാന്‍ ലിഫ്റ്റില്‍ കയറിയ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ പ്രമോദ് ആണ് മൂന്നാം നിലയിലെത്തിയപ്പോള്‍ കുടുങ്ങിയത്. അര മണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷം ഫയര്‍ഫോഴ്സ് ആളെ രക്ഷപ്പെടുത്തി. ലിഫ്റ്റിന്റെ എന്ജിന് തകരാറായതോടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.

ഏറെ നേരം ശ്രമിച്ചുവെങ്കിലും ലിഫ്റ്റ് തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് പോലീസിനെയും, ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പകുതിയില്‍ കുരുങ്ങി നിന്ന ലിഫ്റ്റിനെ മൂന്നാം നിലയിലേക്ക് ഇറക്കി വാതിലുകള്‍ നീക്കി ആളെ പുറത്തിറക്കുകയായിരുന്നു.




