രേഖയില്ലാതെ കടത്തുകയായിരുന്ന 700 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പോലീസ് പിടികൂടി

പാലക്കാട്: ബംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് രേഖയില്ലാതെ കടത്തുകയായിരുന്ന 700 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പാലക്കാട് കസബ പോലീസ് പിടികൂടി. സംഭവത്തില്‍ തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശി ജെയിംസ് ജോയ്(43) നെ അറസ്റ്റു ചെയ്തു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പുതുശ്ശേരിക്കടുത്ത് കുരുടിക്കാട് വച്ച് ബംഗളൂരു -തൃശൂര്‍ കെ.എസ്.ആര്.ടി.സി. ആഡംബര ബസില്‍ നിന്നും ഇയാളെ പിടികൂടിയത്.

തൃശൂരിലുള്ള ജൂവലറിയിലേക്ക് വേണ്ടി നിര്‍മിച്ച ആഭരണങ്ങളാണ് ബില്ലില്ലാതെ കൊണ്ടുവന്നത്. കസബ ഇന്‍സ്പെക്ടര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ കസബ എസ്.ഐ. റിന്‍സ് എം. തോമസ്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ ടി.ആര്. സുനില്‍ കുമാര്‍, ടി.ജെ. ബ്രിജിത്ത്, കെ. അഹമ്മദ് കബീര്‍, ആര്. വിനീഷ്, എം.ആര്. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

