രണ്ട് ജീവനുകൾ രക്ഷപ്പെടുത്തിയ കൊയിലാണ്ടി പോലീസിന് അഭിനന്ദനപ്രവാഹം

കൊയിലാണ്ടി: പോലീസിനെതിരെ നിരന്തരമായ പരാതികൾക്കിടെ അവരുടെ പ്രവർത്തനത്തിന്റെ നല്ല വശങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കൊയിലാണ്ടി പോലീസിന്റെ സമയോചിതമായ ഇടപെടൽ രണ്ട് പേരുടെ ജീവൻ രക്ഷിച്ച കഥയാണ് കൊയിലാണ്ടി പോലീസിന് പറയാനുള്ളത്.
കഴിഞ്ഞ ദിവസം യുവാവിനെ കാണാനില്ല എന്ന പരാതിയുമായി എത്തിയവരോട് ഒരു സ്ത്രീയെയും കാണാനില്ലെന്ന പരാതി ഉണ്ടെന്ന് പോലീസ് പറയുന്നത്. ബന്ധുക്കളിൽ നിന്നും ഇവരുടെ നമ്പർ ശേഖരിച്ച് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഗുരുവായൂരിൽ ഒരു ലോഡ്ജിൽ ടവർ ലോക്കേഷൻ കാണിക്കുകയും, ഗുരുവായൂർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഗുരുവായൂർ പോലീസ് കുതിച്ചെത്തി ഇരുവരുമുള്ള ലോഡ്ജിന്റെ കതക് സിനിമാ സ്റ്റൈലിൽ ചവിട്ടി തുറക്കുകയും ചെയ്തപ്പോൾ കമിതാക്കൾ ബ്ലേഡ് കൊണ്ട് കൈയും ,ശരീരവും കീറി മുറിച്ച നിലയിലായിരുന്നു. പത്ത് മിനുട്ട് വൈകിയിരുന്നെങ്കിൽ ഇരുവരുടെയും ജീവൻ തന്നെ നഷ്ടമാവുമായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിൽസ നൽകി. പരാതി കിട്ടിയ ഉടനെ നടത്തിയ ഇടപെടലാണ് രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായത്.

എസ്.ഐ. സജു എബ്രഹാം.എസ്.ഐ.ആബിദ്, എ എസ് ഐ.സുലൈമാൻ.അബ്ദുൾ റസാഖ് സിവിൽ പോലീസ് ഓഫീസർ ശ്രീലത, തുടങ്ങിയവരാണ് ദൗത്യം ഏറ്റെടുത്തത്. എസ്.ഐ.ആബിദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, സൈബർ സെൽ, ഗുരുവായൂർ പോലീസ് തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനമാണ് രണ്ട് ജീവൻ രക്ഷിക്കാനായത്. പരാതി കിട്ടിയപ്പോൾ അന്വേഷണത്തിൽ അലംഭാവം കാട്ടിയിരുന്നെ ങ്കിൽ രണ്ട് ജീവനും നഷ്ടമാകുമായിരുന്നു. കൊയിലാണ്ടി പോലീസിന് അഭിനന്ദങ്ങൾ അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയ സജീവമായിരിക്കുകയാണ്.

