KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരില്ല: കെ.എസ്.ആര്‍.ടി.സി നിപ ഭീതിയില്‍-നഷ്ടം കുന്നുകൂടി

കണ്ണൂര്‍: നിപ വൈറസ് ബാധ ഭീതിപടര്‍ത്തിയതോടെ യാത്രക്കാരില്ലാതെ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഭീമമായ നഷ്ടത്തില്‍. കോഴിക്കോട് മേഖലയിലെ മിക്ക ഡിപ്പോകളിലും പ്രതിദിനവരുമാനത്തില്‍ ലക്ഷങ്ങളുടെ കുറവാണുള്ളത്. താമരശ്ശേരി, തൊട്ടില്‍പ്പാലം, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ ഡിപ്പോകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും നഷ്ടത്തിന്റെ തോത് കൂടുകയാണ്. യാത്രക്കാര്‍ നന്നേ കുറവായ സര്‍വീസുകള്‍ നിര്‍ത്താന്‍ കെ.എസ്.ആര്‍‌.ടി.സി.ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ബസ്ചാര്‍ജ് വര്‍ധനയ്ക്ക് ശേഷം കോഴിക്കോട് സോണിലെ ഒരു ദിവസത്തെ പ്രതീക്ഷിത വരുമാനം 1,47,57,000 രൂപയായി പുതുക്കി നിശ്ചയിച്ചിരുന്നു. അവധിദിവസങ്ങളിലും മറ്റും ഈ നേട്ടത്തിലെത്താനും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന മേഖലയായി മാറാനും കോഴിക്കോടിന് കഴിഞ്ഞു. എന്നാല്‍, നിപ വൈറസ് ബാധയുടെ ഭീഷണി വന്നതോടെ പ്രതിദിന വരുമാനം കുത്തനെ ഇടിഞ്ഞു. മേയ് ഏഴിന് 1.30 കോടി വരുമാനം കിട്ടിയിരുന്നിടത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കോടിയില്‍ താഴെയാണ് വരുമാനം. താമരശ്ശേരി, തൊട്ടില്‍പ്പാലം ഡിപ്പോകളിലെ വരുമാനം ദിവസവും ഒന്നര ലക്ഷത്തോളം കുറവാണ്. കണ്ണൂരില്‍ ഒന്നരമുതല്‍ രണ്ടര ലക്ഷം വരേയും.

കോഴിക്കോട് ജില്ലയിലെ എല്ലാ ഡിപ്പോകളിലും എല്ലാ ഡിപ്പോകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വരുമാനം പകുതിയോളം കുറഞ്ഞു. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോകളില്‍ മാത്രമാണ് വരുമാനം ഏറ്റക്കുറച്ചലില്ലാതെ പോകുന്നത്. സാധാരണയായി സ്കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ മികച്ച വരുമാനം ലഭിക്കാറുണ്ട്. എന്നാല്‍, ജൂണ്‍ ഒന്നിനാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വരുമാനം ലഭിച്ചത്. ലക്ഷ്യമിടുന്ന വരുമാനത്തില്‍ 50 ലക്ഷത്തോളം കുറവ്. നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് കേന്ദ്രീകരിച്ച്‌ സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ക്ക് മാസ്ക് നല്‍കാന്‍ നിര്‍ദേശമുണ്ട്.

Advertisements

സ്വകാര്യ ബസ്സുകളും പ്രതിസന്ധിയില്‍

ഇന്ധനവില വര്‍ധനയും മറ്റും കാരണം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തിന് തിരിച്ചടിയായിരിക്കുകയാണ് നിപാ വൈറസ് ഭീതി, കോഴിക്കോട്ടേക്കുള്ള സ്വകാര്യബസ്സുകളില്‍ യാത്രക്കാര്‍ നന്നേകുറവാണ്. കോഴിക്കോട് മാത്രമോടുന്ന ബസ്സുകളില്‍ ചിലത് സര്‍വീസ് നിര്‍ത്തിവെച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവുള്ളതായി കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.പി.മോഹനന്‍ പറഞ്ഞു.

കോഴിക്കോട് സോണിലെ പ്രതിദിനവരുമാനം(ലക്ഷ്യമിടുന്നത്-1,47,57,000)

തീയതി-വരുമാനം-കുറവ്

മേയ് 28-   1,12,52,025  –  35,04,975

മേയ് 29-   1,06,49,713   – 41,07,287

മേയ് 30-   1,02,53,577  –  45,03,423

മേയ് 31-   99,53,080     –  48,03,920

ജൂണ്‍ ഒന്ന്-   97,32,306  –  50,24,694

Share news

Leave a Reply

Your email address will not be published. Required fields are marked *