മോഷണം പോയ പഞ്ചലോഹ വിഗ്രഹം കിണറിൽ നിന്നും കണ്ടെടുത്തു
കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതി വിഗ്രഹം ക്ഷേത്ര കിണറിൽ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ സമീപ വാസിയായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ 24 ന് പൂജാരി ക്ഷേത്രം അടച്ചു പോയതായിരുന്നു. 25 ന് ക്ഷേത്രം തുറന്നപ്പോഴാണ് വി ഗ്രഹം മോഷണം പോയതായി അറിയുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സി.ഐ.ഉണ്ണിക്യഷ്ണൻ, എസ്.ഐ. ബാബുരാജ്, സിനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഗിരീഷ്, സി.പി.ഒ. ഇ. ഗണേഷൻ, കെ.ചന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടയിൽ സംശയം തോന്നിയ 16 കാരനെ കസ്റ്റഡിയിലെടുക്കുയും തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയ ശേഷം ക്ഷേത്രത്തിലെ കിണറ്റിൽ വിഗ്രഹം ഇട്ട വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് കിണറിൽ നിന്നും വിഗ്രഹം എടുക്കുകയും പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയും ചെയ്തു. 6 കിലോയോളം തൂക്കമുള്ള ഗണപതി വിഗ്രഹം പഞ്ചലോഹ നിർമ്മിതമാണ്. വിഗ്രഹം കോടതിയിൽ ഉടൻ തന്നെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
