മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഗംഗാ നദി ശുചീകരിക്കാത്ത കേന്ദ്രഗവണ്മെന്റിന്റെ പരിസ്ഥിതി സ്നേഹം തട്ടിപ്പാണ്: ബിനോയ് വിശ്വം

പേരാമ്പ്ര: പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള വികസനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നും ദീര്‍ഘവീക്ഷണമില്ലാത്ത വികസന കാഴ്ചപ്പാട് മനുഷ്യവര്‍ഗത്തിന്റെ തന്നെ സുസ്ഥിതിയെ ബാധിക്കുമെന്നും മുന്‍ വനം പരിസ്ഥിതി മന്ത്രിയും സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു . യുവകലാസാഹിതി പുസ്തകോത്സവത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന ‘പരിസ്ഥിതിയും വികസനവും’ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയ് ആവള അധ്യക്ഷത വഹിച്ചു.
ഒരു തെരഞ്ഞെടുപ്പില്‍ പ്രകാശിപ്പിക്കുന്ന പ്രകടനപത്രികയിലെ പരിസ്ഥിതി കാഴ്ചപ്പാട് പിന്നിട് വെളിച്ചം കാണുന്നത് അടുത്ത തെരഞ്ഞെടുപ്പിലാവുമ്പോള് അത് യാഥാര്‍ത്ഥ്യമായെന്ന് പറയാന്‍ കഴിയില്ല. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഗംഗാ നദി ശുചീകരിക്കാത്ത കേന്ദ്രഗവണ്മെന്റിന്റെ പരിസ്ഥിതി സ്നേഹം തട്ടിപ്പാണെന്നും ഹിമാലയത്തില്‍ നിരന്തരമായി മണ്ണൊലിപ്പ് തുടരുന്നതും മലയിടിയുന്നതും അറിയാത്തവരല്ല കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

