മൂന്നാറില്‍ പെമ്പളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു

മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെമ്പളൈ ഒരുമൈ നേതാക്കളായ രാജേശ്വരി, കൗസല്യ, ഗോമതി എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിക്കെതിരെ സമരം ആരംഭിച്ചത്.

സമരത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. നിരാഹാരം അവസാനിപ്പിച്ച പെമ്പളൈ ഒരുമൈ പ്രവര്‍ത്തകരുടെ സത്യാഗ്രഹ സമരമാണ് തുടരുന്നത്.

സമരപ്പന്തലില്‍ ശ്രീലത,ഗോമതി, രാജേശ്വരി, കൗസല്യ എന്നിവര്‍ക്കൊപ്പം ആം ആദ്മി പ്രവര്‍ത്തകരും, ആദിവാസി സംഘടകളിലെ പ്രവര്‍ത്തകരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

മറ്റ് രാഷ്ട്രീയ നേതാക്കളാരും തന്നെ എത്തിയിരുന്നില്ല. സമരം ഏഴാം ദിവസം പിന്നിടുമ്പോളും മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല.
അതേ സമയം മന്ത്രി രാജി വയ്ക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറയിച്ചു.
