KOYILANDY DIARY.COM

The Perfect News Portal

മൂന്നാം ക്ലാസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കാസര്‍ഗോഡ്‌: മൂന്നാം ക്ലാസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മുഹമ്മദ് ഫഹദ് എന്ന എട്ടു വയസ്സുകാരനെ കൊന്ന കേസിലെ പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കല്യോട്ട് കണ്ണോത്തെ വിജയകുമാ (31) റിനാണ് കാസര്‍ഗോഡ്‌ അഡിഷണല്‍ സെഷന്‍ കോടതി ജഡ്ജി ശശികുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐ.പി.സി 34, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2015 ജൂലായ് ഒമ്ബതിന് രാവിലെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫഹദിനെ വിജയകുമാര്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കല്യോട്ടിന് സമീപത്തെ ചാന്തന്മുള്ളിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫഹദ് പതിവു പോലെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്ബോള്‍ വാക്കത്തിയുമായി ഇവര്‍ക്ക് മുന്നിലേക്ക് ചാടി വീണു.

നീളന്‍ കത്തിയുമായി തങ്ങള്‍ക്ക് മുന്നിലേക്ക് വന്ന വിജയകുമാറിനെ കണ്ട കുട്ടികള്‍ പേടിച്ച്‌ ഓടി. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Advertisements

ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു. പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

പിന്നീട് കേസ് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *