KOYILANDY DIARY.COM

The Perfect News Portal

മുത്തേരിയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് പരിക്ക്

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുത്തേരിയ്ക്കടുത്ത് വീണ്ടും വാഹനാപകടം. കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കണ്ണിവെളിച്ചത്ത് ഫാസിലി (27) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഫാസിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഒന്നര മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ആറാമത്തെ അപകടമാണിത്.

മുക്കത്ത് നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍വന്ന ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ സമീപത്തെ പറമ്പിലേക്ക് പതിച്ചു. കാറിന്റെ മുന്‍ഭാഗത്തെ ഒരുവശം തകര്‍ന്നിട്ടുണ്ട്. ടിപ്പര്‍ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ജൂണ്‍ നാലിന് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ചെറുതും വലുതുമായ അന്‍പതോളം വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്. വിവിധ വാഹനാപകടങ്ങളിലായി ഒട്ടേറെപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ നഗരസഭാചെയര്‍മാന്റെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ പരിശോധന നടത്തുകയും വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ ധാരണയാവുകയും ചെയ്തിരുന്നു. കൂടാതെ റോഡിലെ വളവ് നിവര്‍ത്തുവാനും ആവശ്യമായ സ്ഥലത്ത് ഡ്രൈനേജ്സൗകര്യം ഒരുക്കുവാനും ഡിവൈഡറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എവിടെവരെയെത്തിയെന്ന് ആര്‍ക്കുമറിയില്ല. സന്നദ്ധസേനയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പ്‌ റോഡരികിലെ കാട്‌വെട്ടുകയും ചെയ്തിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *