മുഖ്യമന്ത്രിയോട് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി: വ്യാജ വാര്‍ത്തയുമായി ദൃശ്യമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ എം കേന്ദ്രനേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെന്ന് മലയാളം വാര്‍ത്താചാനലുകളുടെ വ്യാജവാര്‍ത്ത. മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലും ഗവര്‍ണറെ കണ്ട രീതിയിലും പാര്‍ടി കേന്ദ്രനേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ചില ചാനലുകള്‍ ബ്രേക്കിങ് ന്യൂസ് നല്കി. ഈ വാര്‍ത്ത തികച്ചും തെറ്റാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ‘ദേശാഭിമാനി’യോട് പറഞ്ഞു. നേതാക്കള്‍ ആരും ചാനലുകളോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര നേതാക്കളില്‍നിന്ന് ലഭിച്ച സൂചന എന്ന് അവകാശപ്പെട്ടാണ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രിയുടെ നടപടികളോട് കേന്ദ്രനേതൃത്വത്തിനു അതൃപ്തിയുണ്ടെങ്കിലും ഇതേപ്പറ്റി സംസ്ഥാന നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്നും ചാനലുകള്‍ തട്ടിവിട്ടു. ഭാവനാവിലാസമാണ് വാര്‍ത്തയായി സംപ്രേഷണം ചെയ്തതെന്ന് ഇതില്‍നിന്ന് തന്നെ വ്യക്തമാവുകയായിരുന്നു.

