മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ കേരളാ പൊലീസിന് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ 26 ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം.
കൃഷ്ണകുമാറിനെ ദില്ലിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് മടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് അനുഭാവി കൃഷ്ണകുമാര്‍ നായരെ ജൂണ്‍ പതിനാറിന് ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ കൃഷ്ണകുമാറിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയക്കുകയായിരുന്നു. കൃഷ്ണകുമാറിനെ കേരളത്തിലേക്ക് കൊണ്ടുപോവാന്‍ തിങ്കളാഴ്ചയോടെ ദില്ലിയിലെത്തിയെ കേരളാ പൊലീസ് കഴിഞ്ഞ ദിവസം ദില്ലി പട്യാല ഹൗസ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സിറ്റ് വാറന്റ് ലഭിച്ച കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും. ഐപിസി 153, 506, 500, 67(എ) ഐടി ആക്ട്, 120 ഒ കേരളാ പൊലീസ് ആക്ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

