മാലിന്യ സംഭരണ കേന്ദ്രം സ്ഥാപി ക്കുന്നതിനെതിരെ അരിക്കുളത്ത് ബി.ജെ.പി പ്രവർത്തകർ നിൽപ്പ് സമരം നടത്തി
കൊയിലാണ്ടി: പൊതു ഇടം ഇല്ലാതാക്കി അവിടെ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും അത് കണക്കിലെടുക്കാത്ത അരിക്കുളം പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ ബി.ജെ.പി.മേഖലാ കമ്മറ്റി നിൽപ്പു സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

കാലാകാലങ്ങളായി കലാ സാംസ്കാരിക പരിപാടികളും കായിക വിനോദ പരിപാടികളും നടത്തി വരുന്ന അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപമാണ് പഞ്ചായത്ത് ഭരണസമിതി മാലിന്യ സംഭരണകേന്ദ്രം പണിയാൻ നീക്കം നടത്തുന്നത്. ഗ്രാമസഭാ തീരുമാനം കാറ്റിൽ പറത്തി കേന്ദ്രം പണിയുന്നതിനെതിരെ മറ്റു പ്രതിപക്ഷ കക്ഷികളും സമരരംഗത്താണ്. പ്രസാദ് ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. നാരായണൻ, ദീപു എന്നിവർ സംസാരിച്ചു.

